പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവ്
കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാക്കളടക്കമുള്ള പ്രതികൾക്ക് കൊച്ചി സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 14, 20, 21, 22 പ്രതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾ. സിബിഐ പ്രത്യേക കോടതി ജഡ്‌ജി ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്.
ഒന്ന് മുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ (അബു), ഗിജിൻ, ആർ ശ്രീരാഗ് (കുട്ടു), എ അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി രഞ്ജിത്ത് (അപ്പു), 15 -ാം പ്രതി എ സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. 14-ാം പ്രതി കെ മണികണ്ഠൻ, 20-ാം പ്രതി കെവി കുഞ്ഞിരാമൻ, 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി കെവി ഭാസ്‌കരൻ എന്നിവർക്കാണ് അഞ്ച് വർഷം തടവ് ശിക്ഷ.
വിധിയിൽ തൃപ്‌തരല്ലെന്നാണ് കൃപേഷിന്റെ കുടുംബം പറയുന്നത്. 'ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും പ്രതികൾ ഇനിയും ഇതുപോലുള്ള കുറ്റങ്ങൾ ആവർത്തിക്കും. നഷ്‌ടപ്പെട്ടത് ഞങ്ങൾക്കാണ് , അതിന്റെ വേദന ഒരിക്കലും മാറില്ല. ഞങ്ങളുടെ അവസ്ഥ മറ്റൊരു കുടുംബത്തിന് ഉണ്ടാകരുതെന്നാണ് ആഗ്രഹം. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെങ്കിലും വധശിക്ഷ വിധിക്കാമായിരുന്നു.'- കൃപേഷിന്റെ സഹോദരി പറഞ്ഞു.
2019ലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും(21), ശരത്‌ലാലിനെയും( 23) കൊലപ്പെടുത്തിയത്. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 14 പേർ കുറ്റക്കാരാണെന്ന് ഡിസംബർ 28നാണ് ജഡ്ജി എൻ ശേഷാദ്രിനാഥൻ വിധിച്ചത്. പത്തുപേരെ കുറ്റമുക്തരാക്കി. പ്രതികളിൽ പത്ത് പേർക്കെതിരെ കൊലപാതകവും ഗൂഢാലോചനയും തെളിഞ്ഞിരുന്നു.
സിപിഎം പ്രാദേശിക നേതാവായിരുന്ന എ പീതാംബരനാണ് ഇരട്ടക്കൊലയുടെ മുഖ്യ ആസൂത്രകൻ. ഒന്നാം പ്രതിയായ പീതാംബരനടക്കം എട്ടുപേർ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. രാഷ്ട്രീയ ഭിന്നതയും മുൻ വൈരാഗ്യവും കാരണം കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചത് പൊലീസും ക്രൈം ബ്രാഞ്ചുമാണ്. സിപിഎം നേതാക്കളിലേക്ക് എത്താതെ കേസ് ഒതുക്കാനുള്ള ശ്രമം ഉന്നതതലത്തിലുണ്ടായി.
അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് കുടുംബം ഹൈക്കോടതിയെ സമീപിച്ചപ്പോൾ സിബിഐയുടെ വരവിന് തടയിടാൻ സർക്കാർ കച്ചകെട്ടിയിറങ്ങി. സിബിഐക്ക് ഹൈക്കോടതി പച്ചക്കൊടി കാട്ടിയപ്പോൾ സുപ്രീംകോടതിയിൽ സർക്കാർ അപ്പീലുമായെത്തി. ഇതിനുള്ള നിയമപോരാട്ടങ്ങൾക്ക് ഖജനാവിൽ നിന്ന് ദശലക്ഷങ്ങൾ ചെലവിട്ട് പ്രമുഖ അഭിഭാഷകരെ എത്തിച്ചു. അപ്പീലും തള്ളിയതോടെയാണ് 2020 ഡിസംബർ 10ന് സിബിഐ തുടരന്വേഷണം ഏറ്റെടുത്തത്. നേതാക്കളായ കുഞ്ഞിരാമനടക്കം കുടുങ്ങിയത് സിബിഐയുടെ വരവോടെയാണ്. കേസ് നടപടികൾക്കായി തുടക്കത്തിൽ ഇരകളുടെ കുടുംബത്തിനൊപ്പം നിന്നിരുന്ന അഡ്വ. സികെ ശ്രീധരൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതും, പ്രതികളുടെ വക്കീലായതും പെരിയ കേസിലെ മറ്റൊരു കുതികാൽ വെട്ടായി.