ബി.ജെ.പി നേതാവിന്റെ തൊഴുത്തിൽ പശുക്കൾ ചത്തുവീണു: അന്വേഷണത്തിന് ഉത്തരവിട്ട് മദ്ധ്യപ്രദേശ് സർക്കാർ

Thursday 22 August 2019 1:08 PM IST

ന്യൂഡൽഹി: ബി.ജെ.പി നേതാവ് നടത്തുന്ന തൊഴുത്തിൽ കൂട്ടത്തോടെ പശുക്കൾ ചത്തുവീണതിനെ തുടർന്ന് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് മദ്ധ്യപ്രദേശ് സർക്കാർ. കൃത്യമായ പരിചരണം ലഭിക്കാത്തതിനാലാണ് ബി.ജെ.പി നേതാവ് അരുൺ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ ഒരു ഡസനിലധികം പശുക്കൾ ചത്തുവീണതെന്നാണ് സർക്കാർ ആരോപിക്കുന്നത്. ദേവാസ് ജില്ലാ ആസ്ഥാനത്ത് നിന്നും 15 കിലോമീറ്റർ മാറി ബാങ്ക് നോട്ട് പ്രസ്സ് പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്ന റാബാഡിയ ഗ്രാമത്തിലാണ് അഗർവാളിന്റെ ഫാം സ്ഥിതി ചെയ്യുന്നത്.

സംഭവത്തെ തുടർന്ന് ദേവാസ് മുനിസിപ്പൽ കോർപ്പറേഷൻ ഇവിടെ പരിശോധന നടത്തിയിരുന്നു. പശുക്കളിൽ ഭൂരിഭാഗവും ഫാമിനടുത്തുള്ള ചതുപ്പിൽ പകുതി താഴ്ന്ന നിലയിലായിരുന്നു. ഇവയിൽ കൂടുതൽ പശുക്കളും ചാവുമ്പോൾ മെലിഞ്ഞുണങ്ങിയ അവസ്ഥയിലുമായിരുന്നു. കൗതുകം എന്തെന്നാൽ, അലഞ്ഞുതിരിയുന്ന പശുക്കളെ കണ്ടെത്തി അവയെ സംരക്ഷിക്കുന്നതിന് അഗർവാളിന് ജില്ലാ ഭരണകൂടം തന്നെ ഒരു അവാർഡ് നൽകിയിരുന്നു.

ഫാമിൽ പശുക്കളെ മോശമായി പരിപാലിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് കോർപ്പറേഷൻ ഇവിടെ പരിശോധനയ്ക്കായി എത്തിയത്. ഏതാനും നാളുകളായി ഉപേക്ഷിക്കപ്പെട്ട പശുക്കളെ കോർപ്പറേഷൻ അഗർവാളിന്റെ ഫാമിലേക്ക് അയക്കുന്നുണ്ടായിരുന്നു. ഇൻഷുറൻസ് തുക ലഭിക്കാനാകും പശുക്കളെ മോശമായി അഗർവാൾ പരിചരിച്ചതെന്നും ഇയാൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുനിസിപ്പൽ അധികൃതർ പറഞ്ഞു.

സംഭവത്തിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്ത് വന്നു. പശുവിനെ പേരിൽ രാഷ്ട്രീയം കളിക്കാൻ മാത്രമാണ് ബി.ജെ.പിക്ക് അറിയാവുന്നതെന്നും അവയുടെ ക്ഷേമത്തിന് വേണ്ടി ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്നും മദ്ധ്യപ്രദേശ് ഭരിക്കുന്ന കോൺഗ്രസ് പറഞ്ഞു.