9.69 ലക്ഷം രൂപ, കിയ സെൽറ്റോസ് വിപണിയിൽ,​ ഇന്ത്യൻ നിരത്തിൽ കിയയുടെ ആദ്യ വാഹനം

Thursday 22 August 2019 2:21 PM IST

ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയയുടെ ഇന്ത്യയിലെ ആദ്യ മോഡലായ സെൽറ്റോസ് ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കി. ഹ്യൂണ്ടായ് ക്രെറ്റ, എം.ജി ഹെക്ടർ, റെനോ കാപ്ചർ, നിസാൻ കിക്‌സ്, ടാറ്റ ഹാരിയർ, മഹീന്ദ്ര എക്‌സ്.യു.വി 500 തുടങ്ങിയ മോഡലുകൾക്ക് എതിരാളിയാകുമെന്ന് കരുതപ്പെടുന്ന സെൽറ്റോസിന്റെ ഡൽഹിയിലെ എക്‌സ് ഷോറൂം വില 9.69 ലക്ഷമാണ്. ക്രെറ്റയേക്കാൾ ഏതാണ്ട് 30,000 രൂപ വിലക്കുറവിലാണ് വാഹനം ലഭ്യമായിരിക്കുന്നത്. ടെക് ലൈൻ, ജി.ടി ലൈൻ എന്നീ വിഭാഗങ്ങളിലായി എട്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും ഉയർന്ന മോഡലായ സെൽറ്റോസ് ജി.ടി പ്ലസ് 1.4 ടർബോ പെട്രോൾ എം.ടിയുടെ വില 15.99 ലക്ഷമാണ്. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിപണിയിൽ ഹിറ്റായ സെൽറ്റോസിന് റെക്കോർഡ് ബുക്കിംഗ് ലഭിച്ചിരുന്നു.

കിയയുടെ ഡിസൈൻ സിഗ്‌നേച്ചറോട് കൂടിയ, പുലിയുടെ മൂക്കിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ സെൽറ്റോസിന് സ്‌പോർട്ടീ ഭാവം നൽകുന്നുണ്ട്. വലിയ ബോണറ്റ്, വ്യത്യസ്തമായ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ഐസ് ക്യൂബുകൾ പോലെ തോന്നിക്കുന്ന ഫോഗ്‌ലാമ്പുകൾ, എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (ഡി.ആർ.എൽ) എന്നിവ പ്രീമിയം ലുക്കും വാഹനത്തിന് സമ്മാനിക്കുന്നു. ടെക്‌ലൈൻ, ജി.ടി ലൈൻ എന്നിങ്ങനെ രണ്ടു പതിപ്പുകളാണ് സെൽറ്റോസിനുള്ളത്. ഹൈഎൻഡ് മോഡലാണ് ടെക്‌ലൈൻ. ജി.ടി.ലൈനിൽ സ്‌പോർട്ടീ ഫീച്ചറുകൾക്കാണ് പ്രാമുഖ്യം. പിൻലൈറ്റും എൽ.ഇ.ഡിയാൽ സമ്പന്നമാണ്. ഡേടൈമിലും രാത്രിയിലും വ്യത്യസ്ത കാഴ്ച സമ്മാനിക്കുന്ന രൂപകല്പനയാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. ടെയ്ൽ ഗേറ്റുവഴി വേർപിരിക്കപ്പെട്ടിരിക്കുന്ന ടെയ്ൽലൈറ്റിനോട് ചേർന്ന്, കിയ ലോഗോയോട് കൂടിയ ക്രോം ബാർ കാണാം. ഡ്യുവൽ എക്‌സ്‌ഹോസ്‌റ്റ്, അലുമിനിയം സ്‌കിഡ് പളേറ്റ് എന്നിവ മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത്, സ്‌പോർട്ടീ ലുക്ക് കൂട്ടുന്നുമുണ്ട്.

വിശാലവും യൂറോപ്പ്യൻ മാതൃകയുള്ളതുമാണ് അകത്തളം. ശ്രേണിയിലെ തന്നെ ഏറ്റവും ഉയർന്ന ലെഗ്‌ഹെഡ് റൂമുകളാണ് സെൽറ്റോസ് അവകാശപ്പെടുന്നത്. 10.25 ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഏഴിഞ്ച് ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ക്‌ളസ്റ്ററുമാണ് അകത്തളത്തിൽ ആദ്യം കാഴ്ചയിൽ പതിയുന്ന പ്രധാന ഘടകങ്ങൾ. സീറ്റുകൾ മികവേറിയ ലെതറിൽ തീർത്തിരിക്കുന്നു. ഡാർക്ക്‌ഗ്രേ നിറക്കൂട്ടാണ് അകത്തളത്തിൽ ചാലിച്ചിരിക്കുന്നത്. മൾട്ടി ഫംഗ്ഷൻ സ്‌റ്റിയറിംഗ് വീൽ ക്‌ളാസിക് ടച്ചോടെ ഒരുക്കിയിരിക്കുന്നു. പിൻസീറ്റ് ബാക്ക്‌റെസ്‌റ്റും ക്രമീകരിക്കാവുന്ന സംവിധാനമുണ്ടെന്നത് മികവാണ്.

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ വി.ജി.ടി ഡീസൽ, 1.4 ലിറ്റർ ടർബോ ചാർജ്ഡ് ജി.ഡി.ഐ പെട്രോൾ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളാണ് സെൽറ്റോസിനുള്ളത്. മൂന്നു എൻജിനുകളും ബി.എസ്6 ചട്ടങ്ങൾ പാലിക്കുന്നവയാണ്. 6സ്പീഡ് മാനുവൽ, ഓട്ടോ ട്രാൻസ്മിഷൻ സംവിധാനമാണ് ഓരോ പതിപ്പിനുമുള്ളത്. ഇതിൽ 1.4 ലിറ്റർ എൻജിന് 7സ്പീഡ് ഡ്യുവൽ ക്‌ളച്ച് ട്രാൻസ്മിഷൻ പതിപ്പുമുണ്ട്. 140 പി.എസ് കരുത്തും 242 ന്യൂട്ടൺ മീറ്റർ ടോർക്കും അവകാശപ്പെടുന്ന എൻജിനാണിത്. ലിറ്രറിന് 16.1 മുതൽ 16.8 കിലോമീറ്റർ വരെ മൈലേജാണ് പെട്രോൾ എൻജിൻ പതിപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. ഡീസൽ എൻജിൻ പതിപ്പ് ലിറ്ററിന് 21 കിലോമീറ്ററും മൈലേജ് അവകാശപ്പെടുന്നു. മാതൃ ബ്രാൻഡായ ഹ്യുണ്ടായിയുടെ ജനപ്രിയമായ ക്രെറ്റയോട് ഏറെ അടുത്തു നിൽക്കുന്നതാണ് സെൽറ്റോസിന്റെയും രൂപകല്പന. ക്രെറ്റയോടാണ് സെൽറ്റോസിന്റെ പ്രധാന പോരാട്ടമെന്നതും കൗതുകമാണ്.