എൻജിനിയറിംഗ് കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിക്യാമറ, വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, ഏഴുപേർ കസ്റ്റഡിയിൽ
ഹൈദരാബാദ് : എൻജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിന്റെ കുളിമുറിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ ഏഴുപേർ കസ്റ്റഡിയിൽ. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ ഏഴുപേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഹൈദരാബാദിലെ മെഡ്‌ചലിലുള്ള സി.എം.ആർ എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റലിലാണ് സംഭവം, കസ്റ്റഡിയിലെടുത്തവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വിരലടയാള സാമ്പിളുകൾ ഫോറൻസിക് ലാബിലേക്കും അയച്ചിട്ടുണ്ട്.
ഹോസ്റ്റലിലെ കുളിമുറിയിൽ നിന്ന് ഒരു വിദ്യാർത്ഥിനി ബുധനാഴ്ചയാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഫോണിൽ നിന്ന് നിരവധി വിദ്യാർത്ഥിനികളുടെ സ്വകാര്യ വീഡിയോകൾ കണ്ടെത്തി. കഴിഞ്ഞ മൂന്നുമാസമായി വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. മൂന്നൂരിലധികം ദൃശ്യങ്ങൾ ഫോണിലുണ്ടെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. സംഭവത്തെ കുറിച്ച് കോളേജ് മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ ഹോസ്റ്റലിലെ പാചകക്കാർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോസ്റ്റൽ വാർഡനെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കോളേജിന് മൂന്നു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.