കടയുടമയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
കരുനാഗപ്പള്ളി : കടയുടമയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര പടിഞ്ഞാറ്റക്കര കണ്ണങ്കര കിഴക്ക് സനീർ (41) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. ഈ മാസം 1ന് രാത്രി 9 മണിയോടെ മനയിൽ സ്കൂളിന് സമീപം തേവലക്കര സ്വദേശി ശിവാനന്ദൻ (70) നടത്തി വരുന്ന കഞ്ഞിക്കടയിലെത്തിയ പ്രതി ജഗ്ഗിൽ വച്ചിരുന്ന വെള്ളം ഗ്ലാസ് ഉപയോഗിക്കാതെ വായമുട്ടിച്ച് കുടിക്കുകയും അത് ശിവാനന്ദൻ എതിർക്കുകയും ചെയ്യ്തു. ഈ വിരോധത്തെ തുടർന്ന് പ്രകോപിതനായ പ്രതി ശിവാനന്ദനെ ചീത്ത വിളിച്ചുകൊണ്ട് തള്ളി താഴെയിടുകയും വിറക് കഷണംകൊണ്ട് മർദ്ദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ശിവാനന്ദന്റെ ഭാര്യയെയും ഇയാൾ ചീത്ത വിളിക്കുകയും തള്ളി താഴെയിട്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്യ്തു. ചവറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സനീർ. ചവറ പൊലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജുവിന്റെയും എസ്.ഐ അനീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.