ചാനൽ പരിപാടികളിൽ അഡിക്റ്റാണോ നിങ്ങൾ; ഫ്രബ്രുവരി ഒന്നിന് ശേഷമുണ്ടാകുന്ന ഈ മാറ്റം അറിയണം
മുംബയ്: നിങ്ങൾ ദിവസേന ടിവി പരിപാടികൾ കാണാറുണ്ടോ? എങ്കിൽ ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്ത് നിലവിൽ വരുന്ന ഈ മാറ്റം നിങ്ങൾ അറിയണം. രാജ്യത്തെ ടിവി ബ്രോഡ്കാസ്‌റ്റേഴ്സ് അസോസിയേഷൻ നിരക്ക് വർദ്ധനവ് നടപ്പിലാക്കുകയാണെന്ന് റിപ്പോർട്ട്. പരസ്യ വരുമാനത്തിലെ ഇടിവും ഉള്ളടക്കത്തിന് വേണ്ടിയുള്ള ചെലവ് വർദ്ധനയും കണക്കിലെടുത്താണ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്.
ഇതോടെ ഡിടിഎച്ച്, കേബിൾ നെറ്റ്വർക്ക് ഓപ്പറേറ്റർമാർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന നിരക്ക് ഉയർത്തിയേക്കും. നിരക്ക് വർദ്ധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെയായിരിക്കും. രാജ്യത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ എണ്ണം കൂടിവരുന്നതിനിടെയാണ് ടിവി ബ്രോഡ്കാസ്‌റ്റേഴ്സ് സംയുക്തമായി നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. പുതിയ നിരക്ക് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
ടെലിവിഷൻ ഉള്ളടക്കത്തിനായുള്ള ചെലവ് കുത്തനെ ഉയരുന്നുണ്ടെന്നാണ് ബോഡ്കാസ്റ്റിംഗ് അസോസിയേഷൻ പറയുന്നത്. പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കുത്തനെ കുറയുകയാണെന്നും ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധിപ്പിക്കാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഉള്ളടകത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണമെങ്കിൽ നിരക്ക് വർദ്ധ അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കുന്നു.
ടിവി ബ്രോഡ്കാസ്റ്റർമാരായ സോണി പിക്‌ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയും (എസ്പിഎൻഐ) സീ എന്റർടൈൻമെന്റ് എന്റർപ്രൈസസും (സീൽ) ചാനൽ പാക്കേജുകളുടെ വിലയിൽ 10 ശതമാനത്തിലധികം വർധനവ് പ്രഖ്യാപിച്ചെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജിയോ സ്റ്റാറും നിരക്ക് വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. സോണി പിക്‌ചേഴ്സ് നെറ്റ്‌വർക്ക് അവരുടെ ഹാപ്പി ഇന്ത്യ സ്മാർട്ട് ഇന്ത്യ പാക്കേജ് നിരക്ക് 48 രൂപയിൽ നിന്നും 54 രൂപയാക്കും. സീ എന്റർടെയിൻമെന്റ് ഫാമിലി പാക്ക് ഹിന്ദി എസ്ഡി 47 രൂപയിൽ നിന്ന് 53 രൂപയാക്കും. ഇതോടൊപ്പം ഇംഗ്ലീഷ് എന്റർടെയിൻമെന്റ് ചാനൽ സി കഫേ ഈ പാക്കിൽ കൂട്ടിച്ചേർക്കും.