സർട്ടിഫിക്കറ്റ് ഇല്ലാതെയും വിദഗ്ദ്ധ തൊഴിൽ!
പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും എന്നതാണ് പുതിയ കാലത്തെ വിദ്യാഭ്യാസത്തിന്റെ പ്രത്യേകത. ക്ലാസ് മുറിയിലെ പഠനംകൊണ്ടു മാത്രം ഭാവിജീവിതം ശോഭനമാക്കാനാവില്ലെന്ന യാഥാർത്ഥ്യം ഇന്ന് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം വിഷയങ്ങളിൽ ഏറെ പിന്നിൽ നിൽക്കുന്ന കേരളവും സാവധാനത്തിലാണെങ്കിലും ഈ പുതിയ വഴി പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നത്. ഉന്നത ബിരുദങ്ങൾ നേടി പഠനം പൂർത്തിയാക്കി ഇറങ്ങുന്ന യുവതീയുവാക്കൾ തൊഴിൽ രംഗത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികൾ കഠിനമാണ്. രണ്ടും മൂന്നും ഘട്ടങ്ങളായി നടക്കുന്ന എഴുത്തുപരീക്ഷയിൽ കടന്നുകൂടിയാലും ഇന്റർവ്യൂ എന്ന മഹാകടമ്പ കടക്കണമെങ്കിൽ പ്രാഗത്ഭ്യം മാത്രം പോരാ; ഭാഗ്യവും തുണയ്ക്കണം. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ റെയിൽവേ ഗ്രൂപ്പ് - ഡി തസ്‌തികകളിലേക്ക് എഴുത്തുപരീക്ഷയോ ഇന്റർവ്യൂവോ കൂടാതെ അടിസ്ഥാന യോഗ്യത മാത്രം വച്ചുകൊണ്ട് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം ശ്രദ്ധേയമാകുന്നത്.
നിലവിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം ഐ.ടി.ഐയോ എൻ.എ.സിയോ അടിസ്ഥാനമാക്കിയാണ് താഴേ തസ്തികകളിലേക്കുള്ള റെയിൽവേ റിക്രൂട്ട്മെന്റ്. വർക്ക് ഷോപ്പ് അസിസ്റ്റന്റ്, ഡീസൽ- ഇലക്ട്രിക്കൽ അസിസ്റ്റന്റ് , പോയിന്റ്‌സ് മാൻ, ട്രാക്ക് മെയിന്റനൻസ്, സിഗ്നൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇനി പത്താം ക്ളാസ് - ഹയർ സെക്കൻഡറി യോഗ്യത മാത്രം ആധാരമാക്കി നിയമനം നടത്താൻ ഒരുങ്ങുന്നത്. തൊഴിൽ പരിശീലന കോഴ്സ് സർട്ടിഫിക്കറ്റില്ലാത്ത പതിനായിരക്കണക്കിന് യുവതീയുവാക്കൾക്ക് ഗുണം കിട്ടുന്നതാണ് ഈ തീരുമാനം. നിലവിൽ പതിനായിരക്കണക്കിന് ഒഴിവുകളാണ് ഈ മേഖലയിലുള്ളത്. 32,000 ഒഴിവുകളിലേക്ക് ഉടനെ നിയമനത്തിന് അപേക്ഷ ക്ഷണിക്കുമെന്നാണ് സൂചന. സംസ്ഥാന സർക്കാർ സർവീസിൽ ശിപായി പോസ്റ്റിനായി നടത്താറുള്ള പി.എസ്.സി പരീക്ഷ എഴുതാൻ പത്തും പന്ത്രണ്ടും ലക്ഷം പേരാണുള്ളത്. എട്ടാം ക്ളാസാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും എൻജിനിയറിംഗ് ബിരുദധാരികൾ മുതൽ പിഎച്ച്.ഡിക്കാർ വരെ ഉദ്യോഗാർത്ഥികളായുണ്ടാകും.
കേവലമൊരു ബിരുദം തൊഴിൽ വിപണിയിൽ ചെലവില്ലാച്ചരക്കായി മാറിക്കഴിഞ്ഞിരിക്കുന്നു. റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളിൽ കാലത്തിനനുസൃതമായ മാറ്റങ്ങൾ വന്നാലേ ഇത്തരക്കാർക്ക് രക്ഷയുള്ളൂ എന്നതാണ് അവസ്ഥ. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവായ റെയിൽവേയുടെ പുതിയ തീരുമാനം വലിയതോതിൽ വിദ്യാഭ്യാസ - ട്രേഡ് യോഗ്യത ആവശ്യമില്ലാത്ത മേഖലകളിലേക്കുള്ള നിയമനങ്ങൾക്ക് സംസ്ഥാനങ്ങൾക്കും പരിഗണിക്കാവുന്നതാണ്. തൊഴിൽ പരിചയം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പല തസ്തികകളിലേക്കുമുള്ള നിയമന പരസ്യങ്ങൾ. തൊഴിൽ ഉണ്ടെങ്കിലേ ഈ രംഗത്ത് ഒരാൾക്ക് പരിചയം നേടാനാവൂ എന്ന യാഥാർത്ഥ്യം തൊഴിൽ ദാതാക്കൾ പരിഗണിക്കുന്നില്ല. സഹായിയായി കയറി, കുറഞ്ഞ കാലംകൊണ്ട് വിദഗ്ദ്ധ തൊഴിലാളികളായി മാറിയവരാണ് മുതിർന്ന തൊഴിലാളികൾ. അവരുടെ കരുത്തിലും കഴിവിലുമാണ് വ്യവസായ ലോകം മുന്നോട്ടുപോകുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം തൊഴിലിനായി ലോകത്തിന്റെ ഏതു കോണിൽ പോകാനും ഇവിടത്തെ യുവതീയുവാക്കൾ ഒരുക്കമാണ്. അനേകം പേർ ഈ രംഗത്ത് വഞ്ചിക്കപ്പെടുന്നതും അപൂർവമല്ല. എന്നാലും തൊഴിൽ സാദ്ധ്യത ഉണ്ടെന്നറിഞ്ഞാൽ സാഹസികമായിപ്പോലും അവിടങ്ങളിൽ എത്തിപ്പെടാൻ അവർ തയ്യാറാണ്. ഇതിനിടെ ബി.എസ്‌സി നഴ്സിംഗ് ബിരുദധാരികൾക്കായി ക്യാമ്പസ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കാൻ സർക്കാർ അനുമതി നൽകാനൊരുങ്ങുന്നതായി വാർത്തയുണ്ട്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളുണ്ടാക്കാൻ സമിതിയെയും നിയമിച്ചുകഴിഞ്ഞു. സർക്കാർ കോളേജുകളിൽ മാത്രം ഉൾപ്പെടുത്തിയാകും തൽക്കാലം ക്യാമ്പസ് റിക്രൂട്ട്‌മെന്റ്. ക്രമേണ ഉന്നത നിലവാരമുള്ള സ്വകാര്യ നഴ്‌സിംഗ് കോളേജുകളെയും ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. ജർമ്മനി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ബി.എസ്‌സി നഴ്‌സുമാരുടെ ലക്ഷക്കണക്കിന് ഒഴിവുകളുള്ള സ്ഥിതിക്ക് ഈ അവസരം പ്രയോജനപ്പെടുത്താൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങണം.