'മിന്നലും തീഗോളവും...", ഞെട്ടൽ മാറാതെ ഹോട്ടലടുമ ഉടമ അപ്പച്ചൻ

Tuesday 07 January 2025 12:36 AM IST
അപ്പച്ചൻ

പീരുമേട്: 'ആദ്യം മിന്നൽ, പിന്നെയൊരു തീ ഗോളവും ഞാൻ കണ്ടു. കരച്ചിലും ബഹളവും കേട്ടു. പിന്നാലെ ബസുമറിഞ്ഞതും കണ്ടു." ദേശീയപാതയുടെ സമീപത്തുള്ള മരിയാ റസ്റ്റോറന്റിന്റെ ബാൽക്കണിയിലിരുന്ന് കണ്ട അപകടദൃശ്യം വിവരിക്കുമ്പോൾ ഉടമ അപ്പച്ചന് ഇനിയും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. കടയിൽ നിന്ന് എതാനും ദൂരം മാത്രമുള്ള അപകട സ്ഥലത്തേക്ക് ആദ്യം ഓടികുതിച്ചെത്തിയത് അപ്പച്ചനായിരുന്നു. റസ്റ്റോറന്റിന്റെ മുകളിലെ നിലയിൽ നിന്നാൽ സമീപപ്രദേശങ്ങൾ ഒക്കെ തനിക്ക് കാണാൻ കഴിയും. ബസ് പോസ്റ്റിൽ ഇടിച്ചതോടുകൂടി തീഗോളം പോലെ ഉയർന്ന് മിന്നൽ ഉണ്ടായപ്പോഴാണ് ആദ്യം നോക്കുന്നത്. അപകടമാണെന്ന് മനസിലായതോടെ സംഭവസ്ഥലത്തേക്ക് ഓടി. ഇതിനിടെ പെരുവന്താനം പൊലീസ്, ഫയർഫോഴ്സ്, പീരുമേട് പൊലീസ്, മോട്ടോർ വാഹനവകുപ്പ്, മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ഫോൺ ചെയ്ത് അപകടവിവരം അറിയിച്ചിരുന്നു. അപ്പോൾ നേരം പുലർന്നിരുന്നില്ല. അപകട സ്ഥലത്ത് എത്തിയപ്പോൾ ആദ്യം വന്നത് ശബരിമല തീർത്ഥാടകരുടെ വാഹനമായിരുന്നു. അത് തടഞ്ഞ് നിറുത്തി. സ്വാമിമാരിലൊരാൾ തന്ന രണ്ടാം മുണ്ട് എടുത്ത് വടം കെട്ടി പരിക്കേറ്റവരെ പുറത്ത് എത്തിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും നാലോളം യാത്രക്കാർ ബസ്സിന്റെ പുറത്ത്‌ തെറിച്ച് വീണിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിക്കുന്ന ശ്രമമാണ് അപ്പച്ചൻ ആദ്യം നടത്തിയത്. അപ്പോഴേക്കും പുല്ലുപാറ ജംഗ്ഷനിലെ കച്ചവടക്കാരും ലോക്കൽ ചാനൽ ലേഖകൻ അൻസാറും ഹൈവേ പൊലീസും മോട്ടോർ വാഹനവകുപ്പും ഫയർഫോഴ്സുമെത്തി. ആദ്യം ബസിന് പുറത്ത് വീണ യാത്രക്കാരനായിരുന്നു അരുൺ ഹരി. അരുണിനെ ഉൾപ്പെടെയാണ് ആദ്യസംഘം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. അരുൺ വഴി മദ്ധ്യെമരിച്ചു. അപ്പച്ചന്റെ മനസ്സിൽ നിന്ന് ഇനിയും രാവിലെയുണ്ടായ ദുരന്തവും പരിക്കേറ്റ യാത്രക്കാരെയും മറക്കാൻ കഴിയുന്നില്ല.