ഇന്ത്യയ്ക്കെതിരെ നീങ്ങിയ ട്രൂഡോ രാജിവച്ചു
ഒട്ടാവ: ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ വിവാദം സൃഷ്ടിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (53) രാജി പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞു. പാർട്ടി പുതിയ നേതാവിനെ കണ്ടെത്തും വരെ അധികാരത്തിൽ തുടരും. നാളെ അടിയന്തര പാർട്ടി യോഗം നടക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഈ മാസം 27ന് ചേരേണ്ടിയിരുന്ന പാർലമെന്റ് സമ്മേളനം മാർച്ച് 24ലേക്ക് നീട്ടി.
ഖാലിസ്ഥാൻ തീവ്രവാദികളെ പിന്തുണച്ച് ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത ട്രൂഡോ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾക്ക് ഇരയായിരുന്നു. പാളിയ കുടിയേറ്റ നയം, ഭവന പ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയവ രാജ്യത്തും തലവേദന സൃഷ്ടിച്ചു. 2015ലാണ് അധികാരത്തിലെത്തിയത്.
ഒക്ടോബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, മുൻ സെൻട്രൽ ബാങ്കർ മാർക്ക് കാർണി എന്നിവരാണ് പിൻഗാമിയാകാൻ സാദ്ധ്യത. തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി തോൽക്കുമെന്നും പിയർ പോളിയേവിന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് സർക്കാർ അധികാരത്തിലേറുമെന്നും സർവേ പ്രവചനം.
അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഉചിതമായ ഒരാളെ കനേഡിയൻസ് അർഹിക്കുന്നു. ആഭ്യന്തര പോരാട്ടങ്ങൾ കാരണം ലിബറലുകളുടെ നേതാവാകാൻ തനിക്ക് കഴിയില്ല.
- ജസ്റ്റിൻ ട്രൂഡോ
ഇന്ത്യാ വിരുദ്ധത തിരിച്ചടിച്ചു
ഖാലിസ്ഥാനികളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യാ വിരുദ്ധ നയം, കുടിയേറ്റം തുടങ്ങിയവ ജനപ്രീതി ഇടിച്ചു
338 അംഗ പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത ലിബറൽ പാർട്ടി (153) ഒറ്റപ്പെട്ടു. ട്രൂഡോ രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിയിലും ആവശ്യം
മുൻ സഖ്യകക്ഷിയായ ജഗ്‌മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (25 സീറ്റ്) ട്രൂഡോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു
പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്ക് 119, ബ്ലോക്ക് കീബെക്വ 33 അംഗങ്ങൾ വീതമുണ്ട്
പാർലമെന്റിൽ അവിശ്വാസം കൊണ്ടുവരുമെന്ന് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. അതിജീവിക്കാൻ ആവശ്യമായ 170 എം.പിമാരുടെ പിന്തുണ ട്രൂഡോയ്ക്ക് ഇല്ല
നയതന്ത്ര ബന്ധം വഷളായി
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യയ്ക്ക് ബന്ധമെന്ന ട്രൂഡോയുടെ ആരോപണം നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി
ഖാലിസ്ഥാൻ പരിപാടികളിൽ പങ്കെടുത്ത് പ്രകോപനവും സൃഷ്ടിച്ചു. ഖാലിസ്ഥാൻ വാദികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടച്ചു