ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; ഫലമറിയുന്നത് എട്ടിന്

Tuesday 07 January 2025 2:46 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് തിരഞ്ഞെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് വാർത്താ സമ്മേളനത്തിൽ തീയതി പ്രഖ്യാപിച്ചത്.

ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കുകയാണ്. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്‌മി പാർട്ടി. എതിരാളികളായ ബിജെപിയും കോൺഗ്രസും മത്സരവീര്യം കൂട്ടാനുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞത്:

ഇവിഎം അട്ടിമറി ആരോപണങ്ങൾ കമ്മീഷനെ വേദനിപ്പിച്ചു. ഇത്തരം ആരോപണങ്ങൾ വോട്ടെണ്ണലിന്റെ വേഗം കുറച്ചു. ചോദ്യം ചെയ്യാനുള്ള അവകാശം അടിസ്ഥാനരഹിതമായ പ്രചാരണം നടത്താനുള്ള അവകാശമല്ല. വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണ്. പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്‌ട്രീയ പാർട്ടികൾക്ക് പങ്കാളിത്തമുണ്ട്.

വോട്ടിംഗ് മെഷീനിൽ അട്ടിമറി നടത്താനോ ഹാക്ക് ചെയ്യാനോ ആവില്ല. വോട്ടെടുപ്പിന് മുമ്പും ശേഷവും ഇവിഎം പരിശോധിക്കാറുണ്ട്. ഇവിഎം അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. എല്ലാ പരാതികൾക്കും ആരോപണങ്ങൾക്കും കമ്മീഷന്റെ കയ്യിൽ ഉത്തരമുണ്ട്. മറുപടിക്ക് അവസരം നൽകാതെ വോട്ടർപട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കാറില്ല.