പതിമൂന്നുകാരിയെ ഗർഭിണിയാക്കി; പിതാവിന് മരണം വരെ തടവ്

Tuesday 07 January 2025 4:18 PM IST

തളിപ്പറമ്പ്: 13കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവുശിക്ഷ. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രവാസിയായ പിതാവിന് മരണം വരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയുമാണ് ജഡ്ജി ആർ രാജേഷ് വിധിച്ചിരിക്കുന്നത്. രണ്ട് വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പിൽ 47 വർഷം തടവുമാണ് ശിക്ഷ. 2019 മുതൽ ഇയാൾ മകളെ പീഡിപ്പിച്ചു തുടങ്ങിയിരുന്നു.

പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ സമീപത്തുള്ള 15കാരന്റെ പേര് മകളെക്കൊണ്ട് പിതാവ് പറയിപ്പിച്ചു. പൊലീസ് അന്വേഷണത്തിലാണ് പ്രതി പിതാവാണെന്ന് കണ്ടെത്തിയത്. റിമാൻഡിലായിരുന്ന ഇയാൾ പിന്നീട് ജാമ്യത്തിൽ വിദേശത്തേക്ക് പോയി. കഴിഞ്ഞ ജൂലായിൽ കേസ് വിധി പറയേണ്ടതായിരുന്നു എങ്കിലും പ്രതി സ്ഥലത്തില്ലാതിരുന്നതിനാൽ സാധിച്ചില്ല. കഴിഞ്ഞ ദിവസം ഇയാൾ സ്ഥലത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ഇന്ന് വിധി പറഞ്ഞത്.