ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയാവും # കൊളീജിയം ശുപാർശ നൽകി

Wednesday 08 January 2025 4:39 AM IST

ന്യൂഡൽഹി : മലയാളിയും പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ. വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്‌ജിയാക്കാൻ ശുപാർശ. ഇന്നലെ ചേ‌ർന്ന സുപ്രീംകോടതി കൊളീജിയമാണ് തീരുമാനമെടുത്തത്. നിയമനം അംഗീകരിക്കാനായി കേന്ദ്രസർക്കാരിന് ഫയൽ അയച്ചു. കേരള ഹൈക്കോടതിയിൽ നിന്നാണ് അദ്ദേഹം ജുഡിഷ്യൽ ജീവിതം ആരംഭിച്ചത്. 13 വർഷത്തെ ഹൈക്കോടതി ജഡ്‌ജിയായുള്ള പരിചയം കൊളീജിയം കണക്കിലെടുത്തു. കേരള ഹൈക്കോടതിയിൽ നിന്നുള്ള ജഡ്‌ജിക്ക് സുപ്രീംകോടതിയിൽ പ്രാതിനിദ്ധ്യം ഉറപ്പിക്കാനുമാണ് നടപടി. എറണാകുളം പറവൂരിലെ കോടതികളിൽ അഭിഭാഷകനായി പ്രാക്‌ടീസ് ആരംഭിച്ച അദ്ദേഹം പിന്നീട് ഹൈക്കോടതിയിലേക്ക് മാറി. 2011 നവംബർ എട്ടിനാണ് കേരള ഹൈക്കോടതി ജഡ്‌ജിയായത്. 2023 മാർച്ചിൽ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. സുപ്രീംകോടതിയിലെ മലയാളി ജഡ്‌ജി സി.ടി. രവികുമാർ ജനുവരി അഞ്ചിന് വിരമിച്ചതിന് പിന്നാലെയാണ് നിയമന ശുപാർശ.