വി നാരായണന്‍ ISRO ചെയര്‍മാന്‍; നിലവില്‍ എല്‍പിഎസ്‌സി മേധാവിയായ കന്യാകുമാരി സ്വദേശി

Tuesday 07 January 2025 11:34 PM IST

ന്യൂഡല്‍ഹി: ISROയുടെ പുതിയ ചെയര്‍മാനായി ഡോ. വി നാരായണനെ നിയമിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശിയാണ് അദ്ദേഹം. നിലവില്‍ എല്‍പിഎസ്‌സി മേധാവിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. മലയാളിയായ ഡോ എസ് സോമനാഥ് സ്ഥാനമൊഴിയുന്നതിനാലാണ് ഡോ. നാരായണന്റെ നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായി വി. നാരായണന്‍ പ്രതികരിച്ചു.

റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന്‍ 1984-ല്‍ ഐഎസ്ആര്‍ഒയില്‍ ചേരുകയും കേന്ദ്രത്തിന്റെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍, നാലര വര്‍ഷക്കാലം, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ സൗണ്ടിംഗ് റോക്കറ്റുകളുടെയും ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എഎസ്എല്‍വി), പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) എന്നിവയുടെ സോളിഡ് പ്രൊപ്പല്‍ഷന്‍ ഏരിയയിലും പ്രവര്‍ത്തിച്ചു. അബ്ലേറ്റീവ് നോസല്‍ സിസ്റ്റങ്ങള്‍, കോമ്പോസിറ്റ് മോട്ടോര്‍ കേസുകള്‍, കോമ്പോസിറ്റ് ഇഗ്‌നൈറ്റര്‍ കേസുകള്‍ എന്നിവയുടെ പ്രോസസ് പ്ലാനിംഗ്, പ്രോസസ് കണ്‍ട്രോള്‍, റിയലൈസേഷന്‍ എന്നിവയില്‍ സംഭാവന നല്‍കി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഡോ. നാരായണന്‍, എം.ടെക്. 1989-ല്‍ ക്രയോജനിക് എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്കും 2001-ല്‍ എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡിയും നേടി. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് എംടെക്കില്‍ ഒന്നാം റാങ്കിന് വെള്ളിമെഡലും ആസ്ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ട്.