വരാനിരിക്കുന്നത് ഈ മേഖലകളുടെ കാലം; തൊഴിലവസരങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടാകും

Wednesday 08 January 2025 8:42 PM IST

2030 ആകുമ്പോള്‍ ലോകത്ത് ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ 2025ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുരം നിരവധി മേഖലകളുടെ സാദ്ധ്യത വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ലോകത്ത് ഇന്ന് വിവിധ തൊഴില്‍ സ്ഥാപന ഉടമകളും ജീവനക്കാരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. നൈപുണ്യപരമായ ബുദ്ധിമുട്ടുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്.

ലോകത്തിന്റെ വിവിധ മേഖലകളിലുള്ള ആയിരത്തിലധികം കമ്പനികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 17 കോടിയില്‍പ്പരം പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ലോകത്തിലെ സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, ജനസംഖ്യാക്രമം എന്നിവയുടെ പ്രവണതകള്‍ മാറി വരുന്നതാണ് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുക. നിലവിലുള്ള തസ്തികകളില്‍ 92 ലക്ഷത്തോളം പേരെ മാറ്റുമെന്നും ഇതോടെ 78 ദശലക്ഷം പുതിയ നിയമനങ്ങളുണ്ടാകുമെന്നുമാണ് പ്രതീക്ഷിയ്ക്കുന്നത്.

ടീം ലീഡര്‍, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ജോലി ചെയ്യാന്‍ ആവശ്യക്കാര്‍ കൂടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഫാം വര്‍ക്കര്‍മാര്‍, ഡെലിവറി ഡ്രൈവര്‍മാര്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള മേഖലകളില്‍ 2030 ഓടെ ഏറ്റവും പ്രധാനപ്പെട്ട തൊഴില്‍ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ ഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏതെല്ലാം തരത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ ഉപയോഗിക്കപ്പെടുമെന്നതും ഈ കാലയളവില്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചേക്കാം.