ആശങ്ക വേണ്ട: അജിത്ത് ട്രാക്കിലെത്തും
ന്യൂഡൽഹി: റേസിംഗിനിടെ നടൻ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടതിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പരിശീലനം പുനരാരംഭിച്ചെന്നും മാനേജർ സുരേഷ് ചന്ദ്ര. അജിത്തിന്റെ കാർ അപകടത്തിൽപെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അജിത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് നിരവധി ആരാധകരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെയുൾപ്പെടെ തിരക്കുന്നത്. 'എൻഡ്യൂറൻസ് റേസിൽ പങ്കെടുക്കുന്ന ടീമിലെ നാല് അംഗങ്ങളിലൊരാളാണ് അജിത്. തുടർച്ചയായി നാല് മണിക്കൂർ റേസ് ചെയ്തുള്ള പരിശീലനമായിരുന്നു നടന്നത്. മൂന്നര മണിക്കൂറോളം പരിശീലനം പിന്നിട്ടപ്പോഴായിരുന്നു അപകടം. അവസാനഘട്ടത്തിൽ വലിയൊരു വളവുണ്ട്, ഡ്രൈവർക്ക് കാഴ്ച പരിമിതമായേക്കാവുന്ന ഒരു മേഖലയാണത്. അവിടെവച്ചാണ് അപകടമുണ്ടായത്. കാർ ബാരിക്കേഡിൽ ഇടിച്ചുതകർന്നു. പക്ഷെ അജിത്തിന് കുഴപ്പമൊന്നുമില്ല. തകർന്ന കാറിൽ നിന്ന് അദ്ദേഹം തന്നെയാണ് പുറത്തുവന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചു. പരിശോധനകളെല്ലാം നടത്തി. ആശങ്കപ്പെടേണ്ട ഒരു സ്ഥിതിയുമില്ല. അദ്ദേഹം ട്രാക്കിലേക്ക് തിരിച്ചെത്തും." സുരേഷ് പ്രതികരിച്ചു.
ചൊവ്വാഴ്ചയാണ് റേസിംഗ് പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപെട്ടത്. അപകടസമയം കാറിന്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്റർ ആയിരുന്നു. ദുബായ് എയറോഡ്രോമിൽ വച്ചായിരുന്നു അപകടം. മുൻവശം തകർന്ന കാർ, പലതവണ വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. ഉടൻതന്നെ രക്ഷാപ്രവർത്തകരെത്തി അജിത്തിനെ പുറത്തിറക്കി. 11ന് ദുബായ് 24 അവർ റേസിൽ പങ്കെടുക്കാനാണ് അജിത്ത് ദുബായിൽ എത്തിയത്. ഇതിന്റെ ഭാഗമായാണ് പരശീലനം നടത്തിയത്.