'ഭർത്താവ് എവിടെയാണെന്ന് ആരും ചോദിച്ചില്ല, കൊവിഡ് അനുഗ്രഹമായി'; വിവാഹമോചനത്തെക്കുറിച്ച് അർച്ചന കവി

Friday 10 January 2025 12:07 PM IST

ജീവിതത്തിൽ വിവാഹമോചനം ആവശ്യമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി അർച്ചന കവി. ഡിപ്രഷനിലൂടെ കടന്നുപോയ സമയത്ത് അമ്മ നൽകിയ പിന്തുണ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. വിവാഹ ജീവിതത്തെക്കുറിച്ചും ഡിപ്രഷനെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അർച്ചന കവി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

'ജീവിതത്തിലെ പ്രധാന സംഭവങ്ങൾ നടന്നത് കൊവിഡ് സമയത്തായിരുന്നു. അപ്പോൾ എനിക്ക് അധികം ആളുകളുമായി ഇടപെടേണ്ട സാഹചര്യമില്ലാതെയായി. ഭർത്താവ് എവിടെയാണ്? എന്താ ഒരുമിച്ച് താമസിക്കാത്തത് എന്ന ചോദ്യങ്ങളൊന്നും ഉണ്ടായില്ല. അതുകൊണ്ട് കൊവിഡ് എനിക്ക് അനുഗ്രഹമായിരുന്നു. അമ്മ മെഡിക്കൽ മേഖലയിൽ ഉളള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഞാൻ ഡിപ്രഷനിലൂടെ കടന്നുപോയപ്പോൾ കിട്ടിയ പിന്തുണ വലുതായിരുന്നു. ആർക്കും ഇതുപോലെ കിട്ടി കാണില്ല.

എത്ര ഗൗരവമുളള കാര്യങ്ങളും സിമ്പിളായി എടുത്ത് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് എന്റെ അച്ഛനും അമ്മയും. ഞങ്ങൾക്ക് വട്ടായിരിക്കുമെന്നായിരിക്കും മ​റ്റുളളവർ കരുതുന്നത്.പക്ഷെ ഞങ്ങളുടെ രീതി അങ്ങനെയാണ്. പ്രമോഷൻ പരിപാടിക്കിടയിൽ എന്റെ പത്ത് വർഷത്തെക്കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യമാണ്. കല്യാണം കഴിഞ്ഞു, വിവാഹമോചിതയായി, ഡിപ്രഷനിലായി എന്നുപറഞ്ഞപ്പോൾ കിട്ടിയ കയ്യടി കണ്ട് ഞാൻ അതിശയിച്ചു. നമ്മുടെ സമൂഹം നന്നായി മാറിയിട്ടുണ്ട്. അതിൽ സന്തോഷമുണ്ട്. ഒരാളുടെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകൾ സത്യസന്ധമായി പറയുമ്പോൾ അതിനെ അംഗീകരിക്കാനുളള മനസ് സമൂഹത്തിനുണ്ടായി.

വീട്ടിൽ നിന്ന് ചെറിയ വഴക്ക് കിട്ടിയാൽ പോലും ഡിപ്രഷനാണെന്ന് പറഞ്ഞ് ഇരിക്കുന്ന ഒരു തലമുറ ഉണ്ട്. അതൊക്കെ മാറണം. ജീവിതത്തിൽ ഇതുവരെ നടന്നതെല്ലാം നല്ലതിനായിരുന്നു. വിവാഹമോചനം എനിക്ക് ആവശ്യമായിരുന്നു. അത് നന്നായെന്ന് കരുതുന്ന വ്യക്തിയാണ് ഞാൻ. അതിനുശേഷം ഡിപ്രഷൻ ഉണ്ടായെങ്കിലും എല്ലാം അതിജീവിച്ച് മുന്നോട്ടുവന്നു'- അർച്ചന കൂട്ടിച്ചേർത്തു.