പോസ്റ്റിലും മൂന്ന് വാഹനങ്ങളിലും കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്
തൊടുപുഴ: കാർ വൈദ്യുത പോസ്റ്റിലും മൂന്ന് വാഹനങ്ങളിലും ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ 6.30ന് തൊടുപുഴ വെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള വേ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. മൂന്നാറിലേക്ക് പോകുകയായിരുന്ന കൊല്ലം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ വൈദ്യുത പോസ്റ്റിലും റോഡരികിലുണ്ടായിരുന്ന രണ്ട് സ്കൂട്ടർ, ഒരു പിക്അപ്പ് എന്നിവയിലുമാണ് ഇടിച്ചത്. റോഡരികിൽ പുതിയതായി നിർമ്മിച്ച സ്ഥാപനത്തിന്റെ കൈവരി തകർത്താണ് കാർ നിന്നത്. കൈവരിയുടെ കാറിന്റെ ഗ്ലാസ് തകർത്ത് ഉള്ളിലേക്ക് തുളച്ചു കയറി. കാറിൽ സഞ്ചരിച്ച റിട്ട. എസ്.പി സുരേഷ് കുമാർ (68), ഭാര്യ ഭാഗ്യലക്ഷ്മി (59), സ്കൂട്ടർ യാത്രികൻ മണക്കാട് വെട്ടിക്കൽ ജോബി (40) എന്നിവർക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന രാഹുൽ (31), ഐശ്വര്യ (31) എന്നിവരുടെ പരിക്കുകൾ ഗുരുതരമല്ല. സുരേഷ് കുമാറിന്റെ തലയിൽ പരിക്കുണ്ട്. ഭാഗ്യലക്ഷ്മിയുടെ താടിയിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇരുവരും തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോബിയുടെ തലയോട്ടിക്കും കാലിനും പൊട്ടലുണ്ട്. ഇയാളെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വെങ്ങല്ലൂരുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ജോബിയുടെ സ്കൂട്ടറിനും കാര്യമായ കേടുപാടുകളുണ്ട്. മറ്റ് രണ്ട് വാഹനങ്ങളിൽ ആളുകളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. രാഹുലാണ് വാഹനമോടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നതായി തൊടുപുഴ പൊലീസ് പറഞ്ഞു.