പരീക്ഷാപേടി: സ്‌കൂൾ ബോംബ് ഭീഷണിക്കു പിന്നിൽ വിദ്യാർത്ഥി
ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണി വഴി ഡൽഹി സ്‌കൂളുകളെ പരിഭ്രാന്തിയിലാക്കിയ സംഭവത്തിൽ 12-ാം ക്ളാസ് വിദ്യാർത്ഥി പിടിയിൽ. ഭീഷണിയെ തുടർന്ന് സ്‌കൂൾ മുടങ്ങുമ്പോൾ പരീക്ഷ എഴുതാതെ രക്ഷപ്പെടാമെന്ന കണക്കുകൂട്ടലിലായിരുന്നു കൃത്യം. ഭീഷണി മുഴക്കി
ഇ-മെയിൽ അയ്‌ക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തു. കൂട്ടുകാർക്കൊപ്പം തമാശയായി തുടങ്ങിയതാണെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൂാുകാരെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ആറ് തവണ ബോംബ് ഭീഷണി ഇമെയിലുകൾ അയച്ചെന്ന് പൊലീസ് പറഞ്ഞു. പരീക്ഷയ്‌ക്കിടെ ബോംബ് പൊട്ടുമെന്ന് ഭീഷണിപ്പെടുത്തി ജനുവരി എട്ടിന് ഏഴോളം സ്‌കൂളുകളിലേക്ക് സന്ദേശം അയച്ചു. സംശയം തോന്നാതിരിക്കാൻ, ഒന്നിലധികം സ്കൂളുകളിലേക്ക് മെയിൽ അയയ്‌ക്കുകയും നഷ്‌ടപരിഹാരം ആവശ്യപ്പെടുകയും ചെയ്‌തു. സ്വന്തം സ്‌കൂളിനെ ഒഴിവാക്കി.
ബോംബ് ഭീഷണിയെ തുടർന്ന് നിരവധി സ്‌കൂളുകളിൽ അദ്ധ്യയനം മുടങ്ങി. കുട്ടികളെയും അദ്ധ്യാപകരെയും പുറത്തിറക്കി ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തുന്നതും പതിവായിരുന്നു.ബോംബ് ഭീഷണികൾ രാഷ്ട്രീയ വിവാദത്തിനും കാരണമായി. ഡൽഹി പൊലീസിന്റെ ചുമതലയുള്ള കേന്ദ്രസർക്കാരിന് ഡൽഹിയിലെ ക്രമസമാധാന നിലയെക്കുറിച്ച് ചിന്തയില്ലെന്ന് ആംആദ്‌മി പാർട്ടി കുറ്റപ്പെടുത്തി. ഭീഷണികൾ പതിവായതോടെ പൊലീസ് അദ്ധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും നൽകിയിരുന്നു.