ആലുവയിൽ വീട്ടിൽ നിന്ന് 40പവനും എട്ടര ലക്ഷം രൂപയും കവ‌ർന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്,​ ഒരാൾ അറസ്റ്റിൽ

Saturday 11 January 2025 7:32 PM IST

കൊച്ചി : ആലുവയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 40 പവനും എട്ടര ലക്ഷം രൂപയും കവർന്ന സംഭവത്തിൽ വൻവഴിത്തിരിവ്. വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നത് ഗൃഹനാഥ.യാണെന്ന് കണ്ടെത്തി. ആലുവ ആയത്ത് ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലുള്ളവർക്ക് അപകടമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയുമായി അടുപ്പം സ്ഥാപിച്ച തൃശൂർ സ്വദേശിയായ അൻവർ ഉസ്താദ് ഗൃഹനാഥയായ ലൈലയെ കൊണ്ട് മോഷണം നടത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കവർച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവ് ഇബ്രാഹിംകുട്ടി അറിയാതെ ലൈല പണവും സ്വർണവും ഉസ്താദിന് കൈമാറുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നതെന്ന് വരുത്തിതീർക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ മുറികളിലെയും മേശകളും അലമാരകളും തുറന്ന് സാധനങ്ങൾ വാരിവലിച്ച് നിലത്തിടുകയും ചെയ്തു. ഇബ്രാഹിംകുട്ടിയും ഭാര്യ ലൈലയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. പഴയകെട്ടിടങ്ങൾ വാങ്ങി പൊളിച്ചു വിൽക്കുന്ന ബിസിനസാണ് ഇബ്രാഹിംകുട്ടിക്ക്. ഇതുമായി ബന്ധപ്പെട്ട് പുറത്തുപോയിരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.