എരുമേലി ഭക്തസാഗരം, പേട്ടതുള്ളൽ ഭക്തിസാന്ദ്രം
എരുമേലി : ശരണമന്ത്രങ്ങൾ നിറഞ്ഞ അന്തരീക്ഷം. എല്ലാവരുടെയും കണ്ണുകൾ ആകാശത്തേയ്ക്ക്. ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെ എങ്ങും ശരണമന്ത്രങ്ങൾ. സ്വാമിയേ ശരണമയ്യപ്പാ... ഭക്തിയുടെ നിറവിൽ ഇതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് കൊച്ചമ്പലത്തിൽ നിന്നും തുടക്കമായി. വാദ്യമേളങ്ങളുടെയും തിടമ്പേറ്റിയ ഗജവീരൻമാരുടെയും അകമ്പടിയോടെ സംഘം പേട്ടതുള്ളി വാവരു പള്ളിയിലേയ്ക്ക് നീങ്ങി. വാവരു പള്ളിയുടെ കവാടത്തിൽ പൂക്കൾ വാരി വിതറിയാണ് അമ്പലപ്പുഴ സംഘത്തെ വരവേറ്റത്. പള്ളിയിലേയ്ക്ക് കയറിയ സംഘത്തെ ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ മാലയിട്ടും ചന്ദനം പൂശിയും സ്വീകരിച്ചു. തുടർന്ന് വാവരുടെ പ്രതിനിധിയായ ആസാദ് താഴത്ത് വീട്ടിലിന്റെ കൈപിടിച്ച് സമൂഹപെരിയോൻ ഗോപാലകൃഷ്ണപിള്ള പള്ളിയ്ക്ക് വലതുവച്ച് വലിയമ്പലത്തിലേക്ക് പേട്ടതുള്ളി നീങ്ങി. വലിയമ്പലത്തിലെത്തിയ അമ്പലപ്പുഴ സംഘത്തെ ക്ഷേത്രം ഭാരവാഹികളും, ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് ആകാശത്ത് നക്ഷത്രത്തെ ദർശിച്ചതോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചത്. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം യാത്രയായതിനാൽ വാവരു പള്ളിയിൽ കയറാതെയായിരുന്നു ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ. പേട്ടതുള്ളി നീങ്ങിയ ആലങ്ങാട്ട് സംഘത്തെയും വലിയമ്പല കവാടത്തിൽ സ്വീകരിച്ചു. ഇതോടെ പേട്ടതുള്ളൽ മഹോത്സവത്തിന് സമാപനമായി.