ജില്ലയിൽ ലഹരിക്കെണി മുറുകുന്നു, മാജിക് മഷ്റൂം വരെ സുലഭം

Sunday 12 January 2025 12:38 AM IST

ആലപ്പുഴ : ലഹരിയുടെ പുതിയമേഖല തേടി യുവതലമുറ പായുമ്പോൾ ജില്ലയിൽ രാസലഹരി കേസുകളുടെ എണ്ണവും വർ

ദ്ധിക്കുന്നു. എം.ഡി.എം.എയുമായി പിടിയിലാകുന്നവരാണ് ഇതിലധികവും. ലഹരി പകരുന്ന മാജിക് കൂണുകളും ഹൈറേഞ്ച് മേഖലകളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്നുണ്ടെന്നാണ് സൂചന. പക്ഷേ ഇത്തരം കേസുകൾ ജില്ലയിൽ ഇതുവരെ പൊലീസിന്റെയോ, എക്സൈസിന്റെയോ വലയിൽവീണിട്ടില്ല. ഉന്മാദാവസ്ഥ സൃഷ്ടിക്കുന്ന ചെറിയ കൂണുകളാണ് മാജിക് മഷ്റൂം.

എ.ഡി.എം.എയുമായി എത്തുന്നവരിൽ മൂന്നിലൊന്ന് പേർ പോലും പിടിക്കപ്പെടാറില്ല. ക്രിസ്റ്റൽ രൂപത്തിലായതിനാൽ പിടിക്കപ്പെടുമെന്ന് തോന്നുന്ന നിമിഷം എം.ഡി.എം.എ വലിച്ചെറിഞ്ഞ് രക്ഷെടാൻ പ്രതികൾക്ക് എളുപ്പമാണെന്നത് പലപ്പോഴും തലവേദനയാകാറുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണിൽ വീഴുന്ന എം.ഡി.എം.എ പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല. പൊടിച്ച് കടത്താനും എളുപ്പമാണ്. ഇക്കാരണങ്ങളാൽ ലഹരിക്കടത്തുകാരുടെ എണ്ണവും വർദ്ധിക്കുന്നുണ്ടെന്നാണ് സൂചന.

മയക്കും മാജിക് മഷ്റൂം

 കാഴ്ചയിൽ സാധാരണരീതിയിലുള്ള കൂൺ പോലെ

 തേൻ, ചോക്ക്ളേറ്റ് എന്നിവക്കൊപ്പമാണ് യുവാക്കൾ ഇത് കഴിക്കുന്നത്

 കഞ്ചാവിനേക്കാൾ അപകടകാരിയാണ് മാജിക് മഷ്റൂം

 പ്രത്യേകിച്ച് മണമൊന്നുമില്ലാത്തതാണ് ആവശ്യക്കാരെ കൂട്ടുന്നത്

 മണിക്കൂറുകളോളം ലഹരി നീണ്ടുനിൽക്കും

ജില്ലയിൽ കഴിഞ്ഞവർഷം എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകൾ - 7074

 ലഹരിമരുന്ന് കേസുകൾ - 609

 അബ്കാരി കേസുകൾ - 436

 നിരോധിത പുകയില ഉത്പന്നങ്ങൾ കൈയിൽവെച്ച കേസുകൾ - 5029

 പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങൾ - 539.63 കിലോഗ്രാം