അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് മർദ്ദനം: ബാലാവകാശ കമ്മിഷനിൽ പരാതി നൽകി

Sunday 12 January 2025 12:52 AM IST

വെഞ്ഞാറമൂട്: അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ രക്ഷകർത്താക്കൾ ബാലാവകാശ കമ്മീഷനിൽ പരാതി നൽകി.വെമ്പായം പഞ്ചായത്തിലെ ചിറയ്ക്കൽ വാർഡിലെ നരിക്കൽ അങ്കണവാടി അദ്ധ്യാപിക ബിന്ദുവിനെതിരെയാണ് പരാതി.വെമ്പായം ചിറമുക്ക് സീനാ മൻസിലിൽ മുഹമ്മദ് ഷാന്റെയും സീനയുടെയും മകൾ കെൻസ ഐറിനാണ് മർദ്ദനമേറ്റത്.വെള്ളിയാഴ്ച വൈകിട്ട് മാതാവ് കുട്ടിയുടെ കൈയിൽ അടിയേറ്റതിന്റെ പാട് കാണുകയും അദ്ധ്യാപികയോട് വിളിച്ച് കാര്യം തിരക്കുകയും ചെയ്തു.

എന്നാൽ ആദ്യം ഒന്നും അറിയില്ലന്ന് പറഞ്ഞൊഴിയുകയും പിന്നീട് മറ്റൊരു കുട്ടി കമ്പുമായി ഐറയുടെ അടുത്ത് നിൽക്കുന്നത് കണ്ടതായും പറഞ്ഞു.അല്പം കഴിഞ്ഞ് അങ്കണവാടിയിലെ മറ്റൊരു കുട്ടിയുടെ രക്ഷകർത്താവ് വിളിച്ച് തന്റെ മകളെ അദ്ധ്യാപിക അടിച്ചുവെന്നും ഐറക്കും അടി കിട്ടിയെന്ന് മകൾ പറഞ്ഞുവെന്നും അറിയിക്കുകയുണ്ടായി. ഇതോടെ സംശയം ബലപ്പെടുകയും വാസ്തവമറിയാൻ അങ്കണവാടിയിലെ ആയയെ കണ്ടു. അവർ കുട്ടിയെ അദ്ധ്യാപിക മർദ്ദിച്ച കാര്യം സമ്മതിച്ചു.തുടർന്നാണ് അദ്ധ്യാപികക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയതെന്ന് രക്ഷകർത്താക്കൾ പറ‌ഞ്ഞു.