സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ,​ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും

Sunday 12 January 2025 1:06 PM IST

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് കായംകുളം എംഎൽഎ യു പ്രതിഭ ഉൾപ്പടെ നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ, മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ മറ്റു പുതുമുഖങ്ങൾ. ആർ നാസർ ജില്ലാ സെക്രട്ടറിയായി തുടരും.

അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്നും അഞ്ച് പേരെ ഒഴിവാക്കി. എം സുരേന്ദ്രൻ, ജി വേണുഗോപാൽ, പി അരവിന്ദാക്ഷൻ, ജലജ ചന്ദ്രൻ, എൻ ശിവദാസൻ എന്നിവരെയാണ് ഒഴിവാക്കിയത്. സാമ്പത്തിക ആരോപണം നേരിടുന്ന ശിവദാസനെ കായംകുളം ഏരിയ കമ്മിറ്റിയിൽ നിന്നും ഇത്തവണ ഒഴിവാക്കിയിരുന്നു. എം സുരേന്ദ്രൻ, ജി. വേണുഗോപാൽ എന്നിവർ പ്രായപരിധി നിബന്ധന പ്രകാരമാണ് ഒഴിവാക്കിയത്. ഇത്തവണ ജില്ലാ കമ്മിറ്റിയിൽ 46 അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ തവണയും കമ്മിറ്റിയിൽ 46 അംഗങ്ങൾ ഉണ്ടായിരുന്നു. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.