റീൽസ് ചിത്രീകരിക്കാൻ ശ്രമം, തെലങ്കാനയിൽ അഞ്ച് യുവാക്കൾ റിസർവോയറിൽ മുങ്ങിമരിച്ചു
ഹൈദരാബാദ്: റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ സഹോദരങ്ങളക്കം അഞ്ച് പേർ റിസർവോയറിൽ മുങ്ങിമരിച്ചു. തെലങ്കാനയിലെ സിദ്ദിപേട്ടയിലെ കൊണ്ടപൊച്ചമ്മ സാഗർ ഡാമിന്റെ റിസർവോയറിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മുഷീറാബാദ് സ്വദേശികളായ ധനുഷ് (20) സഹോദരൻ ലോഹിത് (17), ബൻസിലാപേട്ട് സ്വദേശി ദിനേശ്വർ (17),കൈറാത്ബാദ് സ്വദേശി ജതിൻ(17), സഹിൽ(19) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മൃഗംങ്ക് (17), മുഹമ്മദ് ഇബ്രാഹിം(20) എന്നിവർ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെയാണ് മൂന്ന് സ്കൂട്ടറുകളിലായി ഏഴംഗ സംഘം റിസർവോയർ കാണാനായി യാത്ര പുറപ്പെട്ടത്. ആദ്യം കരയിലിരുന്ന് കാഴ്ചകൾ ആസ്വദിച്ച സംഘം പിന്നീട് റിസർവോയറിലേക്ക് ഇറങ്ങുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞതോടെ റീൽസ് ചിത്രീകരിക്കാനായി കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് പോയതോടെയാണ് യുവാക്കൾ മുങ്ങിപ്പോയത്. ആദ്യം മുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൂടുതൽ യുവാക്കൾ അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവർക്ക് നീന്തൽ വശമില്ലായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യുവാക്കൾ നാട്ടുകാരെയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മുങ്ങൽ വിദഗ്ദരടക്കം സ്ഥലത്തെത്തി രാത്രി ഏഴുമണിയോടെയാണ് അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം, യുവാക്കൾ റിസർവോയറിലേക്ക് പോകുന്നതിന് മുൻപുളള സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇവർ റിസർവോയറിൽ നിന്ന് ചിത്രീകരിച്ചതെന്ന പേരിൽ ചില ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മരിച്ച ധനുഷ് മുഷീറാബാദില്‍ ഫോട്ടോഗ്രാഫറാണ്. ദിനേശ്വറും ജതിനും പോളി ഡിപ്ലോമ വിദ്യാർത്ഥികളാണ്. യുവാക്കളുടെ മരണത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം അറിയിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ റിസർവോയറിന് ചുറ്റും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി നിർദ്ദേശിച്ചു.