മാഡം,​ അമേരിക്കയുടെ ജി.ഡി.പി 21 ലക്ഷം കോടി ഡോളറാണ്,​ ഇന്ത്യക്ക് പുതിയ ധനമന്ത്രി വേണമെന്ന് കോൺഗ്രസ് നേതാവ്

Friday 23 August 2019 9:04 PM IST

ന്യൂഡൽഹി: ഇന്ത്യുടെ സാമ്പത്തിക സ്ഥിതി ഭേദപ്പെട്ടതാണ് വ്യക്തമാക്കി വാർത്താസമ്മേളനം നടത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ കോൺഗ്രസ് രംഗത്ത്. നിലവിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മുകളിൽ തന്നെയാണെന്നും അമേരിക്ക, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളുടേതിനേക്കാൾ ഉയർന്നതാണെന്നും ഈ രാജ്യങ്ങളിൽ ഉപഭോഗം കുറഞ്ഞതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും നിർമല വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് നേതാവ് സഞ്ജയ് ഝാ രംഗത്തെത്തിയത്.

'ഇന്ത്യക്ക് അത്യാവശ്യമായി പുതിയൊരു ധനമന്ത്രിയെ വേണം. ബഹുമാനപ്പെട്ട സ്ത്രീ പറഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനം അമേരിക്കയെക്കാളും ചൈനയെക്കാളും കൂടുതലാണെന്നാണ്.പക്ഷേ മാഡം, അമേരിക്കയ്ക്ക് 21 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം. ചൈനയുടേത് 14.8 ലക്ഷം കോടിയും. ഇന്ത്യയുടേതാകട്ടെ, 2.8 ലക്ഷം കോടിയും- സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു. കഴിഞ്ഞ 70 വർഷത്തിനിടെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പോകുന്നതെന്ന് കോൺഗ്രസും ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ നികുതി വരുമാനം കുറയുകയാണെന്നും കോൺഗ്രസ് പറഞ്ഞു. എന്നാൽ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്ന നടപടികളുമായി രാജ്യം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ആഗോള വളർച്ചാ നിരക്ക് ഇപ്പോൾ താഴോട്ടാനാണെന്നും അന്താരാഷ്ട്ര ആഭ്യന്തര ഉത്പാദന നിരക്ക് നിലവിൽ 3.2 ശതമാനം മാത്രമാണെന്നും ഇത് താഴോട്ട് പോകാനാണ് സാദ്ധ്യതയെന്നും മന്ത്രി പറഞ്ഞു.