ഗാസ വെടിനിറുത്തൽ: ചർച്ചയ്‌ക്ക് ഇസ്രയേൽ സംഘം ഖത്തറിൽ
Monday 13 January 2025 5:41 AM IST
ദോഹ: ഗാസ വെടിനിറുത്തൽ ചർച്ചയിൽ പങ്കെടുക്കാൻ ഇസ്രയേലിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ഖത്തറിലെ ദോഹയിലെത്തി. ഖത്തർ, ഈജിപ്റ്റ്, യു.എസ് എന്നീ മദ്ധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും. ഈമാസം 20ന് ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുന്നേ കരാറിൽ ധാരണയിലെത്തിച്ചേരാനാണ് മദ്ധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം.
ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് വിവരം. ഗാസയിൽ ഹമാസിന്റെ പിടിയിലുള്ള 98 ബന്ദികളുടെ മോചനത്തിനായി ഇസ്രയേലിൽ പ്രതിഷേധം ശക്തമാണ്. മൊസാദ് തലവൻ ഡേവിഡ് ബാർനിയ, ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെ മേധാവി റോനൻ ബാർ തുടങ്ങിയവർ സംഘത്തിലുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അതേ സമയം, 46,560ലേറെ പേരാണ് ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.