കനേഡിയൻ പ്രധാനമന്ത്രി: മത്സരത്തിനില്ലെന്ന് അനിത ആനന്ദ്

Monday 13 January 2025 5:41 AM IST

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഗതാഗത മന്ത്രി അനിത ആനന്ദ്. ലിബറൽ പാർട്ടിയുടെ നേതൃ സ്ഥാനത്തേക്കോ പാർലമെന്റിലേക്കോ മത്സരിക്കില്ലെന്ന് ഇന്ത്യൻ വംശജയായ അനിത വ്യക്തമാക്കി. ഈമാസം ആറിനാണ് ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും പ്രധാനമന്ത്രി പദവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചത്. മാർച്ചിൽ ലിബറൽ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ ട്രൂഡോ അധികാരത്തിൽ തുടരും. ട്രൂഡോയുടെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തയായ അനിത ആ സ്ഥാനത്ത് എത്തിയേക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. യൂണിവേഴ്സിറ്റി ഒഫ് ടൊറന്റോ ഫാകൽറ്റി ഒഫ് ലോയിലെ മുൻ പ്രഫസറാണ് അനിത. താൻ അക്കാഡമിക് രംഗത്തേക്ക് മടങ്ങുകയാണെന്നാണ് അഭിഭാഷക കൂടിയായ അനിത എക്‌സിൽ കുറിച്ചു. 2019 മുതൽ ഒന്റേറിയോയിലെ ഓക്ക്‌വില്ലിൽ നിന്നുള്ള എം.പിയാണ് 57 കാരിയായ അനിത.