'വിഡി സതീശനെതിരെ ആരോപണം ഉന്നയിക്കാൻ പറഞ്ഞത് പി ശശി'; പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്ന് പിവി അൻവർ

Monday 13 January 2025 11:08 AM IST

തിരുവനന്തപുരം: വിഡി സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്ന് പിവി അൻവർ. സ്‌പീക്കർ എഎൻ ഷംസീറിന് രാജിക്കത്ത് കൈമാറിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സതീശനെതിരെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പറഞ്ഞിട്ടാണെന്നും അൻവർ വെളിപ്പെടുത്തി.

പിവി അൻവറിന്റെ വാക്കുകൾ:

'ഞാനെന്റെ സ്വന്തം പിതാവിനെ പോലെയാണ് പിണറായി വിജയനെ കണ്ടിരുന്നത്. അദ്ദേഹത്തിനെതിരെ വെറുതേ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. പിണറായിക്കെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ വൈകാരികമായാണ് കണ്ടിരുന്നത്. പി ശശി ആവശ്യപ്പെട്ടതനുസരിച്ചാണ് 150 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ഉന്നയിച്ചത്.

സംസാരിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെ പേപ്പറിലാക്കി ശശിയാണ് തന്നത്. മുഖ്യമന്ത്രിക്കെതിരെ വെറുതേ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ സംസാരിക്കാൻ അവസരം കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു അന്ന് ഞാൻ. പാർട്ടി എന്നെ ഏൽപ്പിച്ച ജോലി മാത്രമാണ് ഞാനന്ന് ചെയ്‌തത്. അതും സ്‌പീക്കറുടെ അറിവോടെ. അതിന്റെ പാപഭാരം ഞാനിപ്പോഴും ചുമക്കുകയാണ്.

ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുന്നു. സതീശനുണ്ടായ മാനഹാനിക്ക് കേരള ജനതയോട് ആത്മാർത്ഥമായി മാപ്പ് ചോദിക്കുകയാണ്. സതീശനും കുടുംബത്തിനും ബന്ധുക്കൾക്കും അദ്ദേഹത്തെ സ്‌നേഹിക്കുന്നവർക്കും ഉണ്ടായ വിഷമത്തിൽ മാപ്പ്. എന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്ന് സതീശനോട് സ്‌നേഹപൂർവം അഭ്യർത്ഥിക്കുന്നു.

കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ എന്നെ ശത്രുവായി അവതരിപ്പിക്കാനാണോ അന്നങ്ങനെ ഒരു പ്ലാനിംഗ് നടന്നതെന്ന് അറിയില്ല. അന്നത്തെ സംഭവത്തിൽ വിഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണ്. '