46ലും 20ന്റെ ചെറുപ്പം; മഞ്ജുവിന്റെ യുവത്വത്തിന് പിന്നിൽ വർക്കൗട്ട് മാത്രമല്ല, മറ്റൊരു കാരണം കൂടിയുണ്ട്

Monday 13 January 2025 11:30 AM IST

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കരിയറിൽ തിളങ്ങി നിന്ന സമയത്ത് അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരത്തിന്റെ രണ്ടാം വരവ് സൃഷ്ടിച്ചത് അത്ഭുതങ്ങളായിരുന്നു. മലയാളത്തിലും തമിഴിലും സൂപ്പർതാരങ്ങളുടെ നായികയായാണ് മഞ്ജു ഇപ്പോൾ അഭിനയിക്കുന്നത്. ബോളിവുഡിൽ 40 വയസ് പിന്നിട്ട നടിമാർക്ക് പോലും ലഭിക്കാത്ത താരമൂല്യമാണ് മഞ്ജുവിന് ലഭിക്കുന്നത്.

46ലും ഇരുപതിന്റെ ചെറുപ്പമാണ് താരം കാത്തുസൂക്ഷിക്കുന്നതെന്ന് പല ആരാധകരും പറയാറുണ്ട്. ഈ ചെറുപ്പത്തിന്റെ രഹസ്യമെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഉത്തരം മഞ്ജു നൽകിയിട്ടില്ല. എന്നാൽ ഇതിനെക്കുറിച്ച് ഏസ്തെറ്റിക് ഫിസിഷ്യൻ ഡോക്ടർ ഫാത്തിമ നിലുഫർ ഷെരിഫ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

'മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ല. അവർ സർജറി ചെയ്തതാണോ എന്ന് പലരും ചോദിക്കും. എന്നാൽ അവർ ഒരു സർജറിയും ചെയ്തിട്ടില്ല. മഞ്ജു തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷൻ സപ്ലിമെന്റ് എടുത്തുമാണ് ഈ മാറ്റം വന്നത്. നല്ല ലൈഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ ഒരു റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂ. അവരുടെ സ്കിൻ സ്റ്റേബിളാണ്'- ഡോക്ടർ പറഞ്ഞു.

വിജയ്സേതുപതി നായകനായ 'വിടുതലെ 2' ആണ് മഞ്ജു വാര്യരുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വെട്രിമാരനാണ് സംവിധായകൻ. തീയേറ്ററുകളിൽ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. രജനികാന്ത് നായകനായ വേട്ടയാനിലും നായിക മഞ്ജുവായിരുന്നു. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ. താരത്തിന്റെ പുതിയ ചിത്രമായ മിസ്റ്റർ എക്സും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ​ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ.