ഇതുവരെ അറസ്റ്റിലായത് 39 പേർ; പത്തനംതിട്ട പീഡനക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

Monday 13 January 2025 12:00 PM IST

പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. പത്തനംതിട്ടയിലെ നാല് പൊലീസ് സ്റ്റേഷനുകളിലാണ് പ്രതികൾ ഉളളത്. ഇന്ന് വൈകിട്ടോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പ്രതികളിൽ ചിലർ വിദേശത്താണുള്ളത്. ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

കൂട്ടബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗം മേൽനോട്ടം വഹിക്കും. പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം നടന്നിരുന്നത്.

പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ വച്ച് പോലും പീഡനത്തിനിരയാക്കിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 13-ാം വയസിലാണ് പെൺകുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. കുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി)മുൻപിൽ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 62 പേരുടെ വിവരങ്ങൾ കൗൺസിലിംഗിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. പ്രതികൾക്കെതിരെ പോക്സോ കൂടാതെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്.