ഹജ്ജ്: ഇന്ത്യയിൽ നിന്ന് 1.75 ലക്ഷം പേർക്ക് അവസരം
Tuesday 14 January 2025 4:33 AM IST
സൗദിയുമായി കരാർ ഒപ്പിട്ടു
ന്യൂഡൽഹി: ഇക്കൊല്ലം ഹജ്ജ് തീർത്ഥാടനത്തിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർത്ഥാടകർക്ക് അവസരം. ക്വാട്ട അന്തിമമാക്കി സൗദി അറേബ്യയുമായി ഉഭയകക്ഷി കരാറിൽ ഒപ്പിട്ടു. കേന്ദ്ര മന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ-റബിയയുമാണ് ജിദ്ദയിൽ കരാർ ഒപ്പിട്ടത്.
സുരക്ഷിതവും സംതൃപ്തവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുന്ന തരത്തിൽ പരസ്പര സഹകരണം ശക്തിപ്പെടുത്താൻ ഇരുപക്ഷവും തീരുമാനിച്ചതായി കിരൺ റിജിജു പറഞ്ഞു. ഹജ്ജിനായുള്ള ക്രമീകരണങ്ങളും ഒരുക്കങ്ങളും അവലോകനം ചെയ്യുന്നതിനായി മന്ത്രി ജിദ്ദ ഹജ്ജ് ടെർമിനൽ സന്ദർശിച്ചു. മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ഷെയ്ഖ് ഡോ. മുഹമ്മദ് അൽ-ഇസ്സയുമായി കൂടിക്കാഴ്‌ചയും നടത്തി.