ശാസ്താംകോട്ടയിലെ യുവതിയുടെ മരണം കൊലപാതകം,​ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഭർത്താവ്

Monday 13 January 2025 10:00 PM IST

കൊല്ലം : ശാസ്താംകോട്ടയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളി‌ഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26)​ ആണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളിൽ വീണുകിടന്ന ശ്യാമയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് ഭർത്താവ് രാജീവ് മൊഴി നൽകിയിരുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ രാജീവ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭർത്താവ് രാജീവ് സമ്മതിച്ചു. കൊലയ്ക്ക് പിന്നിലെ കാരണം ഉൾപ്പെടെയുള്ളവയെ കുറിച്ച് വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.