റിസർവ് വനത്തിൽ തോക്കുമായി അതിക്രമിച്ചു കടന്നയാളെ പിടികൂടി

Tuesday 14 January 2025 12:13 AM IST
ഡൊമിനിക് ജോസഫ്‌

പീരുമേട്: റിസർവ് വനത്തിൽ തോക്കുമായി അതിക്രമിച്ച് കടന്ന നാലംഗ സംഘത്തിലൊരാളെ മുറിഞ്ഞപുഴ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കണയംങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫാണ് (48)​ പിടിയിലായത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നുപേർ ഓടി രക്ഷപ്പെട്ടു. വനം വകുപ്പ് എരുമേലി റേഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽപ്പെട്ട പുറക്കയം ഭാഗത്താണ് തോക്കുകളുമായി അതിക്രമിച്ചു കടന്ന് നായാട്ടിനു ശ്രമിച്ച നാല് പേരിൽ ഒരാളെ തോക്കുമായി പിടികൂടിയത്. ഞായറാഴ്ച വൈകിട്ടോടുകൂടിയാണ് നായാട്ട് സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. വനത്തിൽ ക്യാമ്പിംഗ് കഴിഞ്ഞ് ഉദ്യോഗസ്ഥർ തിരിച്ച് മടങ്ങുമ്പോഴാണ് നായാട്ട് സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുമ്പിൽപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട ഉടനെ മറ്റ് മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഇവരുടെ കൈയിലും തോക്കുകൾ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണയങ്കവയൽ സ്വദേശികളായ മാത്യു,​ സൈജു,​ തങ്കമണി സ്വദേശിയായ സനീഷ് എന്നിവരാണ് ഓടി രക്ഷപ്പെട്ടവർ. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.