നാണയപ്പെരുപ്പത്തിൽ ആശ്വാസം
Tuesday 14 January 2025 12:23 AM IST
ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നു
കൊച്ചി: കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും നേരിയ ആശ്വാസം പകർന്ന് ഡിസംബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.22 ശതമാനമായി താഴ്ന്നു. നവംബറിലിത് 5.48 ശതമാനമായിരുന്നു. നാല് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പച്ചക്കറികൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യങ്ങൾ എന്നിവയുടെ വില കുറഞ്ഞതോടെ ഭക്ഷ്യ വില സൂചിക ഒൻപത് ശതമാനമായി താഴ്ന്നു. ഇതോടെ ഫെബ്രുവരിയിൽ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്ക് കുറയാൻ സാദ്ധ്യതയേറി. ഗ്രാമീണ മേഖലയിലെ വില സൂചിക 5.76 ശതമാനവും നഗരങ്ങളിൽ 4.58 ശതമാനവും ഉയർന്നു.