നാല് കുട്ടികൾക്ക് ജന്മം നൽകൂ...ഒരു ലക്ഷം നേടൂ...

Tuesday 14 January 2025 12:10 AM IST

ഭോപ്പാൽ: നാലു കുട്ടികൾ വേണമെന്ന് തീരമാനിക്കുന്ന ബ്രാഹ്മണ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ ബോർഡ്. പരശുരാമ കല്യാൺ ബോർഡിന്റെ പ്രസിഡന്റും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ വിഷ്‌ണു രജോരിയയുടേതാണ് പ്രഖ്യാപനം. നിരീശ്വരവാദികളുടെ എണ്ണം കൂടിവരുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കുടുംബങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാത്തതിന്റെ അനന്തരഫലമാണിതെന്നും രജോരിയ പറഞ്ഞു. തനിക്ക് യുവാക്കളിൽ ഏറെ പ്രതീക്ഷയുണ്ടെന്നും ഭാവി തലമുറയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നിങ്ങളുടെതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവ ദമ്പതികൾ ഒരു കുട്ടിയിൽ നിറുത്തുന്നത് വലിയ പ്രശ്നമാണെന്നും അതിനാൽ തന്നെ നിങ്ങൾ കുറഞ്ഞത് നാല് കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് നാല് കുട്ടികളുള്ള ദമ്പതികൾക്ക് പരശുരാമൻ ബോർഡ് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇൻഡോറിൽ ഒരു പൊതു പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അല്ലെങ്കിൽ നിരീശ്വരവാദികൾ രാജ്യം പിടിച്ചെടുക്കുമെന്നാണ് വാദം. തന്റെ പ്രഖ്യാപനം വ്യക്തിപരമായ സംരംഭം മാത്രമാണെന്നും സർക്കാർ സംരംഭമല്ലെന്നും രജോരിയ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. ഒരു കമ്യൂണിറ്റി പരിപാടിയിൽ നടത്തിയ സാമൂഹിക പ്രസ്‌താവനയാണിത്. ഉയർന്ന സ്ഥാനങ്ങളിലേക്കുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും പരിശീലനവും ഉൾപ്പെടെയുള്ള പ്രതിബദ്ധതകൾ ബ്രാഹ്മണ സമൂഹത്തിന് നിറവേറ്റാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.