മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ

Tuesday 14 January 2025 1:18 AM IST

പള്ളിക്കൽ: സംസ്ഥാനമൊട്ടാകെ നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.കൊല്ലം ഉളിയനാട് പുത്തൻകുളം ചിറക്കരഭാഗത്ത് കുളത്തൂർക്കോണം നന്ദുഭവനത്തിൽ അച്യുതൻനായരുടെ മകൻ തീവെട്ടി ബാബുവെന്ന് അറിയപ്പെടുന്ന ബാബുവിനെയാണ് (60)പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

മടവൂർ മാവിൻമൂട്ടിൽ പ്രവാസിയായ ഷെരീഫാബീവിയുടെ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് 12 പവനും അൻപതിനായിരം രൂപയും കവർന്നകേസിലാണ് അറസ്റ്റ്.തെളിവ് നശിപ്പിക്കാനായി വീട്ടിലെ സി.സി ടിവി തകർത്തിരുന്നു.എന്നാൽ പള്ളിക്കൽ പൊലീസ് സമീപപ്രദേശങ്ങളിലെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു.

മോഷണശേഷം ഒളിവിൽപ്പോയ ഇയാളെ കഴിഞ്ഞദിവസം അർദ്ധരാത്രി തമ്പാനൂർ റെയിൽവേസ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.പള്ളിക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ രാജികൃഷ്ണ.ആർ,സുനിൽ.ആർ,സി.പി.ഒമാരായ കിരൺ,വിനീഷ്,സന്തോഷ് എന്നിവരടങ്ങിയ സംഘം റെയിൽവേ പൊലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്ത് ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.