വടിവാൾ വിനീതിന്റെ രക്ഷപ്പെടൽ: പൊലീസ് തന്ത്രം പാളി; നഷ്ടം 'ഗോൾഡൻ ചാൻസ്'
എഴുകോൺ: അപകടകാരിയായ കുപ്രസിദ്ധ കുറ്റവാളി വടിവാൾ വിനീതിനെ കൈയകലത്തിൽ കിട്ടിയിട്ടും കീഴടക്കാൻ കഴിയാതെ പോയതിന്റെ വിഷമത്തിലാണ് ജില്ലയിലെ പൊലീസ്. കൊല്ലം സിറ്റിയിലെയും റൂറലിലെയും പൊലീസിനെ ഒരുപോലെ വട്ടം ചുറ്റിച്ചാണ് സ്ഥിരം മോഷ്ടാവും രക്ഷപ്പെടാൻ വിരുതനുമായ വിനീത് ഇക്കുറിയും മുങ്ങിയത്.
മോഷ്ടിച്ച വാഹനങ്ങളിലാണ് സദാസമയവും ഇയാളുടെ സഞ്ചാരം. ഇതിനിടയിൽ ഇരകളെ പിന്തുടർന്ന് ആക്രമിച്ചോ ഭീഷണിപ്പെടുത്തിയോ പണം കവരും. ആളുകളെ ഉപദ്രവിച്ച് അവശനാക്കി വാഹനം കൈക്കലാക്കുന്ന രീതിയുമുണ്ട്.
പൊലീസ് പിടിയിലാകുന്ന ഘട്ടമെത്തിയാൽ വാഹനം ഉപേക്ഷിച്ച് ഊടുവഴികളിലേക്ക് രക്ഷപ്പെടുന്ന ഇയാൾ അധിക ദൂരത്ത് നിന്നല്ലാതെ മറ്റേതെങ്കിലും വാഹനം കൈക്കലാക്കി സുരക്ഷിത ഒളിത്താവളങ്ങളിലേക്ക് പോകും.
ഞായറാഴ്ച പുലർച്ചെ കന്നേറ്റി പാലത്തിന് സമീപത്ത് നിന്ന് ചവറ പൊലീസിനെ വെട്ടിച്ച് കടന്നപ്പോഴും അധിക ദൂരത്ത് നിന്നല്ലാതെ മറ്റൊരു ബുള്ളറ്റ് കൈക്കലാക്കിയാണ് കൊട്ടാരക്കര ഭാഗത്തേക്ക് സഞ്ചരിച്ചത്. ചവറ സ്വദേശിയായ സുജിത്തിന്റെ ബൈക്കാണ് മോഷ്ടിച്ചത്. പുലർച്ചെ അഞ്ചോടെ ഈ ബൈക്കിൽ എഴുകോണിലെത്തിയ ഇയാളെ കൺട്രോൾ റൂം പൊലീസിന്റെ ജീപ്പിടിച്ച് വീഴ്ത്തിയെങ്കിലും പിടികൂടും മുമ്പ് ഇരുട്ടിലേയ്ക്ക് ഓടിരക്ഷപ്പെട്ടു.
അന്തർ ജില്ലാ കവർച്ചാ സംഘങ്ങളും കഞ്ചാവ് കടത്ത് സംഘത്തിൽ പെട്ടവരും ഇയാളുടെ കൂട്ടാളികളാണ്. സംസ്ഥാന അതിർത്തിയായ മാർത്താണ്ഡത്തും മറ്റും ഒളിത്താവളങ്ങളുണ്ട്. ഭാര്യയുൾപ്പടെയുള്ള സ്ത്രീകളും സംഘത്തിലുണ്ട്. അധികം വൈകാതെ ഇയാളെ പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ്.
2021ലും സമാനസംഭവം
2021 ജനുവരി 13ന് ഇയാൾ സമാന രീതിയിൽ കടപ്പാക്കടയിൽ വച്ച് പൊലീസിനെ വെട്ടിച്ച് കടന്നിരുന്നു. ജനയുഗം നഗറിൽ ഒളിച്ചിരുന്ന ഇയാളെ അന്ന് ജനകീയ തെരച്ചിലിലൂടെയാണ് പൊലീസ് കണ്ടെത്തിയത്. ചടയമംഗലത്ത് നിന്ന് മോഷ്ടിച്ച കാറിലെത്തിയ ഇയാൾ റോഡിന് കുറുകെ തടഞ്ഞ പൊലീസ് ജീപ്പിൽ ഇടിച്ച് നിറുത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസിന്റെ അവസരോചിത ഇടപെടലിൽ ജനയുഗം നഗർ നിവാസികൾ ഒന്നടങ്കം കള്ളനെ തെരഞ്ഞിറങ്ങിയതോടെയാണ് ഇയാൾ പെട്ടത്.