ഐ.എൻ.എക്സ് മീഡിയ അഴിമതി, ചിദംബരത്തിന് 26 വരെ ഇടക്കാല ജാമ്യം
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ആഗസ്റ്റ് 26 തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി വിലക്കി.
കേസിലെ മറ്റ് പ്രതികളെല്ലാം ജാമ്യത്തിലാണെന്നതും 2018 ജൂലായ് 25 മുതൽ ഇടക്കാല ജാമ്യം ചിദംബരത്തിന് ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
സി.ബി.ഐ എടുത്ത അഴിമതിക്കേസിൽ ജാമ്യം തേടിയും നാല് ദിവസം കസ്റ്റഡിയിൽ വിട്ട സി.ബി.ഐ കോടതി ഉത്തരവ് ചോദ്യം ചെയ്തും ചിദംബരം നൽകിയ ഹർജികൾ 26ന് പരിഗണിക്കും.
ഐ.എൻ.എക്സ് മീഡിയ ഗ്രൂപ്പിന് 350 കോടി രൂപ വിദേശ നിക്ഷേപം ലഭിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അഴിമതി നിരോധനനിയമപ്രകാരം 2017 മേയ് 15നാണ് സി.ബി.ഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2018ൽ എൻഫോഴ്സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തു. രണ്ടു കേസുകളിലും ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. തുടർന്ന് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ബുധനാഴ്ച രാത്രി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച സി.ബി.ഐ കോടതിയിൽ ഹാജരാക്കിയ ചിദംബരത്തെ ആഗസ്റ്റ് 26വരെ കസ്റ്റഡിയിൽ വിട്ടു.
ചിദംബരത്തിന് വിദേശത്ത് അക്കൗണ്ടും സ്വത്തുക്കളും
ചിദംബരം റിമാൻഡിലായതിനാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് സി.ബി.ഐക്കും ഇ.ഡിക്കും വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. മാനസിക ശേഷിയും നിയമജ്ഞാനവും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ച് ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറുന്നതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണ്. ഐ.എൻ.എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപത്തിന് അനുമതി നൽകാൻ ചിദംബരം കൈക്കൂലി ആവശ്യപ്പെട്ടതായി മാപ്പുസാക്ഷിയായ ഇന്ദ്രാണി മുഖർജിയുടെ മൊഴിയിൽ പറയുന്നുണ്ട്. ഷെൽ കമ്പനികളിലൂടെ പണം കൈമാറ്റം നടന്നിട്ടുണ്ട്. ഈ കമ്പനികളുടെ പേരിൽ ചിദംബരത്തിന് വിദേശത്ത്
ബാങ്ക് അക്കൗണ്ടുകളുണ്ട്. രാജ്യത്തും പുറത്തും സ്വത്തുവകകളുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ-മെയിൽ തെളിവുകളുണ്ട്. ഈ തെളിവുകൾ വച്ച് ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യം നൽകിയാൽ ഫലപ്രദമായ അന്വേഷണം സാദ്ധ്യമാകില്ലെന്നും തുഷാർ മേത്ത വാദിച്ചു.
ജഡ്ജിയുടെ പെരുമാറ്റം
പക്ഷപാതപരം:ചിദംബരം
മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി സുനിൽ ഗൗർ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് കപിൽ സിബലും അഭിഷേക് സിംഗ്‌വിയും ചിദംബരത്തിനായി വാദിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സമയം നൽകിയില്ല. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളെ കുറിച്ച് വിധിയിലുള്ള പരാമർശങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി മുറിയിലെ വാദം കഴിഞ്ഞ് സി.ബി.ഐ എഴുതി നൽകിയ വാദത്തിന്റെ തനിപ്പകർപ്പാണ്. എഴുതി നൽകിയ വാദത്തെക്കുറിച്ച് ചിദംബരത്തിനോ അഭിഭാഷകർക്കോ നോട്ടിസ് നൽകിയില്ല. വ്യക്തമായ വാദം കേൾക്കാതെ ജാമ്യം നിഷേധിച്ച ജഡ്ജിയുടെ പക്ഷപാതപരമായ മനോഭാവമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ജാമ്യം നിഷേധിക്കാനായി ഈ കേസുമായി ബന്ധമില്ലാത്ത എയർസെൽ മാക്സിസ് കേസും ജസ്റ്റിസ് ഗൗർ ഉന്നയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉന്നതർക്ക് മുൻകൂർജാമ്യം റദ്ദാക്കാൻ പാർലമെന്റ് ഇടപെടണമെന്ന വിധിയിലെ പരാമർശത്തെയും ഇരുവരും വിമർശിച്ചു.