പൗരത്വം ഉപേക്ഷിച്ച് ചെറുപ്പക്കാർ പോകുന്നത് അപകടം: കെ.വി.അബ്ദുൾ ഖാദർ
തൃശൂർ: പൗരത്വം പോലും ഉപേക്ഷിച്ച് ചെറുപ്പക്കാർ മറ്റു രാജ്യങ്ങളിലേക്ക് ചാടിക്കയറിപ്പോകുന്നത് അപകടമാണെന്ന് പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ കെ.വി.അബ്ദുൾ ഖാദർ. കേരളകൗമുദി തൃശൂരിലെത്തിയതിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രവാസി സംഗമത്തിൽ നടന്ന കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയിലേക്ക് ഉൾപ്പെടെയുള്ള സമീപകാല കുടിയേറ്റം വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും വർത്തമാന കാലത്ത് പ്രവാസത്തിലെ പുതിയ പ്രവണതകൾ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് മുൻപ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. ഈ നിമിഷവും യുക്രൈൻ സൈന്യത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചെന്ന് വാർത്തകളുണ്ട്. ഈ വിധം ചതിക്കുഴികളിൽപ്പെടുന്നവരെ രക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പോലും കഴിയുന്നില്ല. ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ജോർജിയ എന്നിവിടങ്ങളിലേക്കെല്ലാം റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടക്കുന്നുണ്ട്. പണം തട്ടിപ്പ് പോലുള്ള ചതിക്കുഴികളൊരുക്കി ഗൾഫ് നാടുകളിലേക്കും റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ട് ലക്ഷത്തോളം പേർ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളെന്നും 60,000 പേർ പെൻഷൻ വാങ്ങുന്നുണ്ടെന്നും 60 വയസിന് മുകളിലുള്ളവരെ ക്ഷേമനിധി പദ്ധതിയിൽ ചേർക്കുന്നത് പ്രായോഗികമല്ലെന്നും കെ.വി.അബ്ദുൾ ഖാദർ പറഞ്ഞു.