പ്രയാഗ് രാജിലെ മഹാകുംഭമേള

Tuesday 14 January 2025 1:14 AM IST

ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന സംഗമമായ മഹാകുംഭമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ തുടക്കമായിരിക്കുകയാണ്. ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണീ സംഗമത്തിലെ പുണ്യസ്നാനമാണ് മുഖ്യ ചടങ്ങ്. ഇത്തവണ 40 കോടി തീർത്ഥാടകർ ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകളിൽ ഭാഗഭാക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 24 കോടി പേർ പങ്കെടുത്തിരുന്നു. ഒന്നര നൂറ്റാണ്ടിനിടയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേള എന്ന പ്രത്യേകതയുള്ളതിനാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർക്കു പുറമെ വിദേശരാജ്യങ്ങളിൽ നിന്നും ഒട്ടേറെപ്പേർ മേളയിൽ പങ്കെടുക്കാൻ ഒഴുകിയെത്തും. മേളയ്ക്കു മുന്നോടിയായി നടന്ന സ്നാനത്തിൽ മാത്രം 25 ലക്ഷം പേരാണ് പങ്കെടുത്തത്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ സ്നാനഘട്ടങ്ങളിൽ കുംഭമേളകൾ നടക്കാറുണ്ടെങ്കിലും മഹാകുംഭമേള പ്രയാഗ്‌‌രാജിൽ മാത്രമാണ് നടക്കുന്നത്.

മഹാകുംഭമേളയ്ക്കു വേണ്ട അതിവിപുലമായ സജ്ജീകരണങ്ങൾ ആധുനിക രീതിയിലാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി സർക്കാർ ഒരുക്കിയിരിക്കുന്നത്. 4000 ഹെക്ടർ സ്ഥലത്ത് താത്‌കാലിക ടെന്റുകളും അനുബന്ധ സൗകര്യങ്ങളും റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും കച്ചവടസ്ഥലങ്ങളും ഹോട്ടലുകളും ധ്യാനമണ്ഡപങ്ങളും പ്രാർത്ഥനാ ഹാളുകളും മറ്റും ഒരുക്കുന്നതിന് 7000 കോടി രൂപയാണ് സർക്കാർ ചെലവാക്കിയിരിക്കുന്നത്. വിവിധ സന്യാസിമഠങ്ങളും അഘാഡികളും മറ്റും അവരുടേതായ നിലയിൽ വിവിധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. വിവിധയിടങ്ങളിൽ ആയിരങ്ങൾക്ക് സൗജന്യ അന്നദാനവും മറ്റും ഇതിന്റെ ഭാഗമായി നടക്കുകയും ചെയ്യും. പതിനായിരം കോടി രൂപയുടെയെങ്കിലും ചെലവ് വരുമെങ്കിലും ഇതിന്റെ മൂന്നിരട്ടി വരവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

തീർത്ഥാടന മേളകളും ഉത്സവങ്ങളും മറ്റും വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും അത് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രവർത്തനം ചെറുതല്ല. അത് സമൂഹത്തിൽ വലിയ സാമ്പത്തിക ഉത്തേജനം കൂടിയാണ് വരുത്തുന്നത്. ഇത്തരം അവസരങ്ങൾ വരുമ്പോഴാണ് അന്യഥാ ചെലവഴിക്കാത്ത പണം പുണ്യപ്രവൃത്തിയുടെ പേരിൽ മടിയില്ലാതെ ചെലവഴിക്കാൻ ജനങ്ങൾ താത്‌പര്യപ്പെടുന്നത്. പണമില്ലാത്ത ഒരുപാടു പേർക്ക് താത്‌കാലിക ജോലികളിലൂടെയും ചെറുകിട കച്ചവടങ്ങളിലൂടെയും മറ്റും വരുമാനം നേടാനുള്ള ഒരു വഴി കൂടിയാണ് ഇത്തരം ആത്മീയ സംഗമങ്ങൾ ഒരുക്കുന്നത്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പുണ്യപ്രദമായ കാര്യമാണ് കുംഭമേളയുടെ ഭാഗമാകുക എന്നത്. മഹാദേവന്റെ നാമം ഉരുവിട്ട് മനസും ശരീരവും പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കുന്ന ചൈതന്യത്തിൽ ഏകാഗ്രമാക്കാൻ സ്വയം മറന്ന് കൈകൂപ്പി സ്നാനഘട്ടിൽ മുങ്ങുമ്പോൾ വിശ്വാസികൾ അനുഭവിക്കുന്ന നിർവൃതിയും അനുഭൂതിയും വിവരണാതീതം തന്നെയാണ്.

ഇത്തരം തീർത്ഥാടന സംഗമങ്ങളിൽ ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിനാണ് ഏറ്റവും വലിയ മുൻഗണന നൽകേണ്ടത്. ഇക്കാര്യത്തിലെ ചെറിയ പാളിച്ച പോലും വലിയ വിപത്തുകൾക്ക് ഇടയാക്കാം. ഇത്തവണ സുരക്ഷിതത്വത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതെന്നാണ് യു.പി ചീഫ് സെക്രട്ടറി മനോജ്‌കുമാർ സിംഗ് പറഞ്ഞത്. കഴിഞ്ഞ കുംഭമേള ശുചിത്വത്തിന്റെ കാര്യത്തിൽ പ്രകീർത്തിക്കപ്പെട്ടിരുന്നു. ഇത്തവണ ആൾത്തിരക്ക് മുൻകൂട്ടിക്കണ്ട് ഘട്ടുകളുടെ നീളം എട്ടു കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററാക്കി. ഒന്നര ലക്ഷം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂവായിരം ക്യാമറകളുടെ സഹായത്താലാണ് തിരക്ക് നിയന്ത്രിക്കുന്നത്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണ കുംഭമേളകൾക്കു ശേഷം നടത്തപ്പെടുന്ന ഈ മഹാകുംഭമേള ഇന്ത്യയു‌ടെ യശസ് വർദ്ധിപ്പിക്കുന്ന മഹാമേളയായി മാറുമെന്ന് പ്രതീക്ഷിക്കാം.