ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയയാൾ, അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചു
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടാൻ സർക്കാർ. ബോബിയുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ നീക്കം.
പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ ചെയ്തത്. പൊതുപരിപാടിക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചു. ബോബി അധിക്ഷേപം പതിവാക്കിയ ആൾ ആണ്. ഒരേ കുറ്റകൃത്യം തുടർച്ചയായി ആവർത്തിക്കുന്നയാളാണ്. സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിക്കുകയാണ്.
നടി ഹണി റോസിനെ മാത്രമല്ല പ്രതി അധിക്ഷേപിച്ചിട്ടുള്ളത്. അധിക്ഷേപ പരാമർശങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും മുൻപും നടത്തിയിട്ടുണ്ട്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിക്കും.
അതേസമയം, തനിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണങ്ങൾ അല്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചാൽ ജാമ്യം നൽകണമെന്നുമാണ് ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പതിനാലുദിവസത്തേക്ക് ബോബിയെ റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ജനുവരി എട്ടിന് വയനാട്ടിലെ റിസോർട്ടിന് സമീപത്തുനിന്നാണ് ബോബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യം തള്ളിയ വിധി കേട്ടയുടൻ ബോബിക്ക് ബിപി കൂടുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് കോടതിമുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കാക്കനാട് ജയിലിലേക്ക് മാറ്റിയത്.