എസ്എഫ്ഐയുടെ അവസ്ഥയ‌്ക്ക് കാരണം കെഎസ്‌യുവും ലഹരിയും; സുരേഷ് കുറുപ്പ്

Tuesday 14 January 2025 11:54 AM IST

എസ്എഫ്ഐയ‌്ക്ക് സ്വയം നിയന്ത്രണം ആവശ്യമാണെന്ന് സിപിഎം നേതാവ് കെ. സുരേഷ് കുറുപ്പ്. ക്യാമ്പസുകളിൽ ആരാലും ചോദ്യം ചെയ്യപ്പെടാൻ ഇല്ലാത്തതും, ലഹരിയുടെ ഉപയോഗവുമെല്ലാം എസ്എഫ്ഐയുടെ ഇന്നത്തെ അവസ്ഥയ‌്ക്ക് കാരണമാണെന്ന് ആദ്യകാല എസ്എഫ്ഐ നേതാവ് കൂടിയായ സുരേഷ് കുറുപ്പ് പറയുന്നു.

സുരേഷ് കുറുപ്പിന്റെ വാക്കുകൾ-

''പണ്ട് വിദ്യാർത്ഥി സംഘടനകൾക്കും അതിന്റെ ഭാരവാഹികൾക്കുമെല്ലാം വലിയ പ്രാധാന്യമുണ്ടായിരുന്നു. പ്രത്യേകിച്ച് കേരളത്തിലെ പത്രങ്ങൾ കെഎസ്‌യുവിന്റെ നേതൃനിരയ‌്ക്ക് വലിയ പ്രാധാന്യം കൊടുത്തു. എസ്എഫ്ഐയുടെ ഇപ്പോഴുള്ള പ്രശ്നം ഞാൻ മനസിലാക്കിയിടത്തോളം, ക്യാമ്പസുകളിലെ അവരുടെ അപ്രമാദിത്തമാണ്. അവർക്ക് എതിരാളികളില്ലാതായി. പൂർവ വിദ്യാർത്ഥി സംഘടന പോലെയാണ് കെഎസ്‌യുവിന്റെ പ്രവർത്തനം. മുമ്പൊക്കെ നമ്മുടെ പ്രവർത്തനത്തെ നിരന്തരം അളക്കുന്ന കണ്ണുകൾ ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

പൊതുവായ ഒരു ഗൈഡ് ലൈൻ കൊടുക്കാം എന്നല്ലാതെ എസ്എഫ്ഐയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ സിപിഎമ്മിന് കഴിയില്ല. അങ്ങനെ ഇടപെടരുത് എന്ന് തന്നെയാണ് പാർട്ടിയുടെ നയം. എന്നാൽ എസ്എഫ്‌ഐ മോശമായി എന്ന അഭിപ്രായം എനിക്കില്ല. അനുനിമിഷം നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയാൻ സംവിധാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ സ്വയം നിയന്ത്രണം എസ്എഫ്ഐ പാലിക്കേണ്ടത് പ്രധാനമാണ്. ലഹരി ഉപയോഗം വർദ്ധിക്കുന്നതും മറ്റൊരു കാരണമാണ്.

പക്ഷേ, അന്നത്തെ എസ്എഫ്ഐ എല്ലാം നല്ലത്, ഇന്നത്തെ എസ്എഫ്ഐയുടെ പ്രവർത്തനം മോശം എന്ന് പറയുന്നതിൽ കാര്യമില്ല. അന്നും പല ക്യാമ്പസുകളിൽ പലതും നടന്നിട്ടുണ്ടാകാം. അതൊന്നും അന്ന് പുറംലോകം അറിയണമെന്നില്ലല്ലോ? ''

നിരന്തരമായ അവഗണനയെ തുടർന്ന് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ് കുറുപ്പ് പാർട്ടിക്ക് കത്ത് നൽകിയിരുന്നു. തന്നെക്കാൾ വളരെ ജൂനിയറായവരെ പാർട്ടിയുടെ ഉപരിഘടകങ്ങളിൽ ഉൾപ്പെടുത്തിയതു ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് കോട്ടയം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടതെന്നുമായിരുന്നു കുറുപ്പിന്റെ വിശദീകരണം.