ആളുകൾ വലിച്ചെറിയുന്ന പാഴ്‌വസ്‌തുക്കൾകൊണ്ട് കരകൗശല നിർമാണം, ഇതാണ് ശരിക്കും പെൺബുദ്ധി

Tuesday 14 January 2025 12:51 PM IST

കുപ്പത്തൊട്ടിയിൽ വീഴുന്ന പാ‌ഴ്‌വസ്തുക്കൾക്ക് രജനിയുടെ കരവിരുതിൽ ഉണ്ടാകുന്നത് മനോഹ രൂപമാറ്റം. മാലിന്യത്തിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ രജനിയുടെ കൈകളിലൂടെ സുന്ദരരൂപങ്ങളാകും. കൂലിപ്പണിക്കാരനായ ഭർത്താവ് അഭിലാഷിന്റെ അപ്രതീക്ഷിത മരണത്തോടെയുണ്ടായ വേദന മറക്കാനാണ് കരകൗശല നിർമ്മാണം തുടങ്ങിയത്. എന്നാൽ അത് ജീവിതമാർഗമാക്കിയാലോ എന്ന ചിന്തയിലാണിപ്പോൾ ഈ 38കാരി.

പന്തളം പൂളയിൽ കോളനിയിലെ രജനി നഗരസഭ മൂന്നാം വാർഡിലെ ഹരിത കർമ്മ സേനാംഗമാണ്. മാലിന്യം വേർതിരിക്കുമ്പോൾ കരകൗശല നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന സാധനങ്ങൾ ശേഖരിക്കും. യൂട്യൂബ് വീഡിയോ നോക്കി പ്ലാസ്റ്റിക്ക് കയറുകൾ ഉപയോഗിച്ച് സഞ്ചിയും കുട്ടയും നിർമ്മിക്കാനും കുപ്പികൾ ഉപയോഗിച്ച് പൂക്കളും മറ്റ് അലങ്കാര വസ്തുക്കളും ഉണ്ടാക്കാനും പഠിച്ചു. പക്ഷേ വിൽക്കാവുന്ന തരത്തിലായിട്ടില്ല.

ഒരുപാട് ആശയങ്ങളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം നടപ്പാക്കാൻ കഴിയുന്നില്ലെന്ന് രജനി പറയുന്നു. പത്താം ക്ലാസുകാരിയായ അനന്യയും മൂന്നാം ക്ലാസുകാരി അതുല്യയുമാണ് മക്കൾ. ചില വീടുകളിലും ജോലിക്ക് പോകാറുണ്ട്. രാത്രിയിലാണ് കരകൗശല നിർമ്മാണം. പശയ്ക്കും പെയിന്റിനും മറ്റും നല്ല വിലയാണ്. ആഗ്രഹം കൊണ്ട് ഈ രംഗത്ത് തുടരുകയാണ്. കൂടുതൽ പരിശീലനം ലഭിച്ചാൽ വില്പനയെക്കുറിച്ച് ആലോചിക്കുമെന്ന് രജനി പറയുന്നു.