50 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
പാറശാല: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വോക്‌സ് വാഗൺ കാറിൽ കടത്തിയ 50 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പൊഴിയൂർ പൊലീസിന്റെ പിടിയിലായി. ചെങ്കവിള അയിരക്ക് സമീപത്തുവച്ചാണ് പിടിയിലായത്. കൊല്ലം തഴുതല വില്ലേജിൽ ഉമയനല്ലൂർ ദേശത്ത് പേരയം ത്രിവേണിയിൽ സുബിൻ സെഗീവ് (26), കൊല്ലം മയ്യനാട് തട്ടാമല ദേശത്ത് പടനിലത്ത് ചന്ദനയേഴികം വീട്ടിൽ താഫ്‌സൽ (29) എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത കഞ്ചാവ് കൊല്ലത്ത് എത്തിച്ച ശേഷം ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
പൊഴിയൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. പൊഴിയൂർ എസ്.എച്ച്.ഒ ആസാദ് അബ്ദുൽകലാമിന്റെ നേതൃത്വത്തിൽ സബ്ഇൻസ്‌പെക്ടർ സുജിത്.എസ്, ഗ്രേഡ് എസ്.ഐമാരായ ഗിരീഷ് കുമാർ, രാജൻ, എ.എസ്.ഐമാരായ ജയലക്ഷ്മി, പ്രേംലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കഞ്ചാവ് കടത്താനായി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.