65 ൽ മുരളീമോഹന ശർമ്മയ്ക്ക് ഇരട്ടിമധുരം

Wednesday 15 January 2025 12:36 AM IST

സന്തോഷത്തിൽ പങ്കുചേർന്ന് സഹപാഠികൾ

പാലാ : ''ഇത്തവണത്തെ റീയൂണിയനിൽ എനിക്കൊരു പ്രധാനപ്പെട്ട വിശേഷം നിങ്ങളെ അറിയിക്കാനുണ്ട്. 65 വയസുകാരനായ എനിക്ക് ഇരട്ടക്കുട്ടികൾ പിറന്നു''. ഏഴാച്ചേരി പെരുമ്പുഴയില്ലം മുരളീമോഹന ശർമ്മയുടെ വാക്കുകൾക്ക് സഹപാഠികളുടെ നിറഞ്ഞ കൈയടി. ജീവിത സായന്തനത്തിലുണ്ടായ ശർമ്മയുടെയും കുടുംബത്തിന്റെയും ഇരട്ടി മധുരം ആഘോഷമാക്കുകയായിരുന്നു പാലാ സെന്റ് തോമസ് കോളേജിൽ 1974 - 77 കാലഘട്ടത്തിലെ ഇക്കണോമിക്‌സ് ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ. റീയൂണിയൻ ആരംഭിക്കാനുള്ള കാരണക്കാരിലൊരാളും ശർമ്മയാണ്. 1977 ൽ അവസാന ദിവസ ക്ലാസുകളിലൊന്നിൽ റീയൂണിയൻ എന്നൊരുപാഠം ഇംഗ്ലീഷ് പുസ്തകത്തിലുണ്ടായിരുന്നു. അന്നേ ശർമ്മയും കൂട്ടുകാരായ അലക്‌സ് മേനാംപറമ്പിലും എം.എം. ജേക്കബും എൻ.എം. സെബാസ്റ്റ്യനും സോണി സെബാസ്റ്റ്യനും ചേർന്ന് ഒരു തീരുമാനമെടുത്തു. ജീവിതത്തിലെവിടെയായിരുന്നാലും പത്ത് വർഷത്തിനുശേഷം ഇക്കണോമിക്‌സ് ബാച്ചിലെ കൂട്ടുകാരെല്ലാം ചേർന്ന് കോളേജിൽ ഒത്തുചേരണം. അങ്ങനെ 1987 ൽ ആദ്യകൂട്ടായ്മ നടന്നു. അടുത്ത കൂട്ടായ്മ ഏഴ് വർഷം കഴിഞ്ഞായിരുന്നു. പിന്നീട് അഞ്ച് വർഷം കഴിഞ്ഞ് കൂട്ടായ്മ നടത്തി. കൊവിഡ് കാലഘട്ടത്തിൽ മുടങ്ങിപ്പോയ കൂട്ടായ്മ വീണ്ടും ആറ് വർഷത്തിന് ശേഷം ഇന്നലെയാണ് നടന്നത്. അന്നത്തെ 46 പേരിൽ 35 പേർ പങ്കെടുത്തു. ആറ് പേർ പഴയ കൂട്ടുകാരെ വിട്ട് നിത്യതയിലേക്ക് യാത്രയായിരുന്നു. പൂർവവിദ്യാർത്ഥികളിൽ റിട്ട. കോളേജ് പ്രിൻസിപ്പൽ പി.ജെ. തോമസ് പുത്തൻപുരയ്ക്കൽ, കേണൽ മാമ്മൻ മത്തായി, മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി, യോഗാചാര്യൻ കെ.പി. മോഹൻ, ബാങ്ക് ഉദ്യോഗസ്ഥൻ അലക്‌സ് മേനാംപറമ്പിൽ, റിട്ട. ഡെപ്യൂട്ടി കളക്ടർ സി.ഐ. ശശി, അഭിഭാഷകരായ ജോർജ്ജ് പുളിക്കൻ, സിറിയക് ജെയിംസ്, സാമൂഹ്യ പ്രവർത്തകനും പാലാ അഡാർട്ട് ഡയറക്ടറുമായ എൻ.എം. സെബാസ്റ്റ്യൻ, മാനവിക്രമരാജ, റിട്ട. കോളേജ് അദ്ധ്യാപകൻ ജോസ് ടി. പാമ്പയ്ക്കൽ, സാഹിത്യകാരൻ രവി പുലിയന്നൂർ, അമേരിക്കൻ മലയാളി വി.സി. തോമസ് തുടങ്ങിയവർ ഉൾപ്പെടുന്നു. വിവാഹം കഴിഞ്ഞ് 35 വർഷത്തിന് ശേഷമാണ് ശർമ്മ - ശ്രീദേവി ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നത്.