മഹാരാഷ്‌ട്രയിലും 'ഇന്ത്യ'യിൽ ഭിന്നിപ്പ് ഒറ്റയ്‌ക്ക് മത്സരിക്കാൻ ഉദ്ധവ്, പവാർ പാർട്ടികൾ
ന്യൂഡൽഹി: 'ഇന്ത്യ" മുന്നണി അംഗങ്ങളായ ആം ആദ്‌മിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന ഡൽഹിക്ക് പിന്നാലെ മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡിയിലും ഭിന്നിപ്പ്. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ മുന്നണിയിലെ ശിവസേന(ഉദ്ധവ്), എൻ.സി.പി(ശരദ്‌പവാർ) പാർട്ടികൾ തീരുമാനിച്ചു.'ഇന്ത്യ"ക്കു കീഴിൽ മഹാരാഷ്‌ട്രയിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ്, എൻ.സി.പി, ശിവസേന കക്ഷികൾ രൂപീകരിച്ച മുന്നണിയാണിത്.
ശിവസേനാ നേതാവ് സഞ്ജയ് റൗത്താണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണി കക്ഷികൾക്കിടയിൽ സഖ്യം പ്രായോഗികമല്ലെന്ന് പറഞ്ഞുകൊണ്ട് ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള താത്പര്യം ആദ്യം പ്രകടിപ്പിച്ചത്. ഇന്നലെ ശരദ് പവാറും ഇതിനെ അനുകൂലിച്ചു. 'ഇന്ത്യ" മുന്നണി ദേശീയ തിരഞ്ഞെടുപ്പുകൾക്ക് മാത്രമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഖ്യത്തിൽ സംസ്ഥാന, തദ്ദേശ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഒരിക്കലും ചർച്ച നടന്നിട്ടില്ല. പത്ത് ദിവസത്തിനുള്ളിൽ എല്ലാവരും യോഗം ചേർന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ നിലപാടുകൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനാൽ, ഒറ്റയ്‌ക്കോ, സഖ്യമോ എന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് അറിയിച്ചു.
ഡൽഹിയിൽ
എൻ.സി.പി-ആം ആദ്‌മി
ഡൽഹിയിൽ ആംആദ്‌മി പാർട്ടിയെ പിന്തുണയ്‌ക്കുമെന്ന് ശരദ് പവാർ അറിയിച്ചു. സമാജ്‌വാദി, തൃണമൂൽ കോൺഗ്രസ് എന്നിവയും ആം ആദ്‌മിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 'ഇന്ത്യ" മുന്നണിയിൽ കോൺഗ്രസും ഇടതു പാർട്ടികളും ഒറ്റയ്‌ക്ക് മത്സരിക്കുന്നു.