തെന്നിന്ത്യ ഫ്രോഡ് ആണെന്ന് പറയിപ്പിക്കല്ലേ, ഗെയിം ചെയ‌്ഞ്ചർ കളക്ഷനെതിരെ രാം ഗോപാൽ വർമ്മ
രാം ചരൺ-ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗെയിം ചെയ‌്ഞ്ചർ സിനിമയുടെ കളക്ഷൻ റിപ്പോർട്ടിനെതിരെ സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്ത്. ചിത്രത്തിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട ബോക്സ് ഓഫീസ് കണക്കുകൾ വലിയ തട്ടിപ്പാണ് എന്നാണ് രാം ഗോപാൽ വർമ്മ ആരോപിക്കുന്നത്. എക്സിലൂടെയാണ് ഗെയിം ചെയ‌്ഞ്ചറിനെതിരായ രാം ഗോപാൽ വർമ്മയുടെ പരിഹാസം.
നിർമ്മാതാക്കൾ അവകാശപ്പെടുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനും ട്രേഡ് റിപ്പോർട്ടും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. റിലീസ് ചെയ്ത ജനുവരി 10ന് ചിത്രം 186 കോടി രൂപ നേടിയതായി ഗെയിം ചെയ്‌ഞ്ചറിന്റെ നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഇത് പങ്കുവയ്ക്കുകയും ചെയ്തു.
എന്നാൽ, എസ്.എസ് രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയെ ബോക്‌സോഫീസ് കളക്ഷന്റെ പുതിയ മാനത്തേക്കാണ് ഉയർത്തിയത്, ഇത് ശരിക്കും ബോളിവുഡിനെ ഞെട്ടിക്കുന്നതാണ്. എന്നാൽ ഗെയിം ചെയ്‌ഞ്ചറിന്റെ കളക്ഷന് പിന്നിലുള്ളവർ തെന്നിന്ത്യ ഫ്രോഡാണ് എന്ന് പറയിപ്പിക്കുന്നതിൽ വിജയിക്കുകയാണെന്നാണ് വർമ്മയുടെ പരിഹാസം.
ബാഹുബലി, ആർആർആർ, കെജിഎഫ് 2, കാന്താര തുടങ്ങിയവയ്ക്കും അതിന്റെ വലിയ നേട്ടത്തിനും നന്ദിയുണ്ട്. എന്നാൽ ഗെയിം ചെയ്‌ഞ്ചർ പറയുന്ന അവകാശങ്ങൾ ഈ നേട്ടങ്ങളെ സംശയത്തിലാക്കി. ദക്ഷിണേന്ത്യയിലെ അസാധാരണ നേട്ടങ്ങളെ തുരങ്കം വയ്ക്കുന്ന അപമാനകരമായ പരിപാടിയാണ് ഗെയിം ചെയ്‌ഞ്ചറിൽ നടന്നത്. ഈ അപമാനത്തിന് പിന്നിൽ ആരാണെന്ന് തനിക്കറിയില്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു.