അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില അതീവഗുരുതരം
ആലപ്പുഴ: ഗർഭകാലത്തെ സ്കാനിംഗ് പിഴവിനെ തുടർന്ന് അസാധാരണ വൈകല്യങ്ങളുമായി ജനിച്ച രണ്ട് മാസം പ്രായമായ കുട്ടിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം നേരിടുന്ന കുഞ്ഞിന് ആന്തരിക അണുബാധയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കണ്ണ് തുറക്കാതെയും, കൈകാലുകൾ തളർന്ന നിലയിലും കാണപ്പെട്ട കുട്ടിയെ ഇന്നലെ രാവിലെ 9.30ഓടെയാണ് മാതാപിതാക്കളായ ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദും സുറുമിയും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് ഓക്സിജൻ ലെവൽ കുറവാണെന്ന് കണ്ടെത്തിയപ്പോൾ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഉടൻ മെഡിക്കൽ ബോർഡ് കൂടി. ശരീരത്ത് തൊട്ടിട്ട് പോലും അനങ്ങാത്ത നിലയിലായിരുന്നു കുഞ്ഞെന്നും, അണുബാധയുണ്ടായതിനാൽ 72 മണിക്കൂറിന് ശേഷമേ വ്യക്തമായ മറുപടി നൽകാനാവൂ എന്നും പീഡിയാട്രിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജോസ് ജേക്കബ് പറഞ്ഞു. കുഞ്ഞിന് രക്തപരിശോധനകളും, സ്കാനിംഗുമടക്കം ഇന്നലെ നടത്തി. നവംബർ എട്ടിന് ജനിച്ച കുഞ്ഞ് ഈ മാസം ഒന്നാം തീയതിയാണ് ആദ്യമായി കണ്ണ് തുറന്നത്.
അന്വേഷണം അട്ടിമറിച്ചു: പിതാവ്
ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വിദഗ്ദ്ധ സമിതി നടത്തിയ അന്വേഷണത്തിൽ യാതൊരു തുടർനടപടികളുമുണ്ടായില്ലെന്ന് കുട്ടിയുടെ പിതാവ് അനീഷ് മുഹമ്മദ് ആരോപിച്ചു. . സ്വകാര്യ ലാബുകൾക്കെതിരെ പേരിന് നടപടിയെടുത്തതൊഴിച്ചാൽ ഗർഭിണിയായിരുന്ന സുറുമിയെ ചികിത്സിച്ചിരുന്ന കടപ്പുറം വനിതാ ശിശു ആശുപത്രിയിലെ ഡോക്ടർമാക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. . കുട്ടിയെ ഒന്നിടവിട്ട ദിവസങ്ങളിൽ മെഡിക്കൽ കോളേജാശുപത്രിയിൽ പരിശോധനയ്ക്കെത്തിക്കുന്നുണ്ട്. എന്നാൽ ഫിസിയോതെറാപ്പിക്കപ്പുറം യാതൊരു ചികിത്സയും ഇതുവരെ ആരംഭിച്ചിട്ടില്ല. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും പിതാവ് പറഞ്ഞു.