നിർമ്മാണം തീരാതെ ഇ.എം.എസ് സ്റ്റേഡിയം
ആലപ്പുഴ : ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിർമ്മാണം 2023ൽ പൂർത്തീകരിക്കുമെന്ന കായികമന്ത്രി വി.അബ്ദുറഹ്മാന്റെ പ്രഖ്യാപനം പാഴ്വാക്കായി. മന്ത്രിയുടെ പ്രഖ്യാപനം നടന്നിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും സ്റ്റേഡിയം ഇപ്പോഴും നിർമ്മാണവഴിയിലാണ്. പ്രവർത്തനങ്ങൾ അൽപ്പം വേഗത്തിൽ മുന്നേറുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസകരം.
കിറ്റ്‌കോയുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. ഫുട്ബാൾ ടർഫ് നിർമ്മാണത്തിന്റെ ആദ്യഘട്ടമായ മെറ്റൽ വിരിക്കൽ പൂർത്തീകരിച്ചു. ഇതിന് മുകളിൽ ഉന്നത നിലവാരമുള്ള പുല്ല് വെച്ച് പിടിപ്പിക്കുന്ന ജോലിയാണ് അടുത്തഘട്ടമായി നടത്തേണ്ടത്. ഇലവൻസ് കളിക്കാൻ പാകത്തിന് സ്റ്റാൻഡേർഡ് ടർഫാണ് അധികൃതർ ഉറപ്പ് നൽകുന്നത്. മുൻമുഖ്യമന്ത്രി ഇ.എം.എസിന്റെ പേരിട്ട് ആലപ്പുഴിയിൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് 2010ൽ ആന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ്. 15 വർഷം പിന്നിടുമ്പോഴും ഇന്നുവരെ ഒരു ഓട്ടമത്സരം പോലും സ്റ്റേഡിയത്തിൽ നടത്താനായിട്ടില്ല.
നഗരസഭയും സ്വകാര്യ വ്യക്തിയും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കം ഏറെക്കാലം വികസനത്തിന് തടസ്സമായി നിന്നിരുന്നു. ഇതിനിടെ പ്രദേശം മാലിന്യ കേന്ദ്രമായി മാറി. ലോഡ് കണക്കിന് മാലിന്യമാണ് പ്രദേശത്ത് കെട്ടിക്കിടന്നിരുന്നത്. ഇവ മാറ്റി പ്രദേശം നിർമ്മാണ യോഗ്യമാക്കുന്നത് തന്നെ വലിയ കടമ്പയായിരുന്നെന്ന് കിറ്റ്കോ അധികൃതർ പറഞ്ഞു. രണ്ടാംഘട്ട നിർമ്മാണം ആരംഭിച്ചിട്ട് ഒരു വർഷവും 11 മാസവുമായി.9 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം
മന്ത്രിയുടെ പ്രഖ്യാപനം പാഴായി
1.എട്ട് വരിയോട് കൂടീയ 400 മീറ്റർ സിന്തറ്റിക്ക് ട്രാക്കും, ഗ്യാലറിയുടെ അറ്റകുറ്റപ്പണയുമടക്കം പൂർത്തീകരിച്ച് ഈ വർഷം ഏപ്രിലിനുള്ളിൽ സ്റ്റേഡിയം പ്രവർത്തന സജ്ജമാക്കുമെന്ന പ്രതീക്ഷയാണ് നിർമ്മാണ ഏജൻസിയായ കിറ്റ്കോ പങ്കുവയ്ക്കുന്നത്
2.ഗ്രൗണ്ടിന്റെ നാല് വശത്തെയും ഡ്രെയിനേജ് സംവിധാനം നേരത്തെ പൂർത്തിയായിരുന്നു. താരങ്ങൾക്കുള്ള ഡ്രസിംഗ് മുറിയുടെയും ടെയ്ലറ്റിന്റെയും തറ നിർമ്മാണം പൂർത്തീകരിച്ചു
3. ഇനി ടൈലുകൾ വിരിക്കണം. സിന്തറ്റിക്ക് ട്രാക്കിനുള്ള ഭാഗത്ത് കൂടുതൽ മണ്ണിട്ട് ഉയർത്തേണ്ടതുമുണ്ട്. ഒമ്പത് മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കണമെന്ന കരാർ പാലിക്കപ്പെടാതായതോടെ ടെൻഡർ പുതുക്കിയാണ് നിർമ്മാണം പുരോഗമിക്കുന്നത്.
രണ്ടാംഘട്ട നിർമ്മാണം ആരംഭിച്ചത്
2023 ഫെബ്രുവരിയിൽ
നിർമ്മാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഈ വർഷം മാർച്ച് - ഏപ്രിൽ മാസങ്ങളിലായി സ്റ്റേഡിയം പണി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ
-പി.മനോജ്, കിറ്റ്കോ