ഷാരോൺ വധക്കേസ് വിധി നാളെ
മൂന്ന് പ്രതികൾ ,മൂന്ന് വർഷത്തെ വിചാരണ
തിരുവനന്തപുരം:ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നാളെ വിധി പറയും.മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി.
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് 17ന് വിധി പറയുന്നത്. അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം ബഷീർ മുമ്പാകെ മൂന്ന് ദിവസങ്ങളായി അന്തിമ വാദം നടന്നു. . ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാർ വാദിച്ചു . ഒന്നാം പ്രതി ഗ്രീഷ്മ, രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു,മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായർ എന്നിവർ തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ വാദിച്ചു .
എന്നാൽ,. ആത്മഹത്യാ പ്രവണതയുള്ള ഒന്നാം പ്രതി ആത്മഹത്യ ചെയ്യാനാണ് വിഷം നിർമ്മിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. മുഖം കഴുകാനായി ബാത് റൂമിൽ കയറിയ സമയത്ത് ഷാരോൺ കഷായം കുടിച്ച ശേഷം വീട്ടിൽ നിന്നും പോയെന്നും വാദിച്ചു. ,.2022 ഒക്ടോബർ 14 ന് കാമുകനായ ഷാരോൺ രാജിനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ഗ്രീഷ്മ കഷായത്തിൽ വിഷം നൽകിയെന്നാണ് കേസ്.11 ദിവസം മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ രാജ് മരിക്കുന്നത്.തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി.ശില്പ രൂപീകരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്. എസ്. പി എം.കെ സുൽഫിക്കർ, ഡിവൈ.എസ്പി മാരായ കെ.ജെ ജോൺസൺ, വി.ടി റാസിത്ത് , പാറശാല ഇൻസ്‌പെക്ടർ സജി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാർ, അഡ്വ. അൽഫാസ് മഠത്തിൽ, അഡ്വ. നവനീത് കുമാർ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.